
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റേയും ഭാര്യ ജിൽ ബൈഡന്റേയും 2022-ലെ വരുമാനം 4.75 കോടി (5,79,514 ഡോളർ) രൂപയെന്ന് റിപ്പോർട്ട്. പുതിയ ആദായനികുതി റിട്ടേൺ പ്രകാരമുള്ള കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കഴിഞ്ഞ വർഷത്തേക്കാൾ കുറവാണ് വരുമാനമെന്ന് സി.എൻ.എൻ. റിപ്പോർട്ട് ചെയ്യുന്നു. വൈസ് പ്രസിഡന്റ് കമല ഹാരിസിന്റേയും ഭർത്താവ് ഡഗ്ലസ് എംഹോഫിന്റെ വരുമാനം 3.75 കോടി രൂപ (456,918 ഡോളർ) എന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വരുമാനത്തിൽ നിന്ന് 23.8 ശതമാനമാണ് ഫെഡറൽ ടാക്സ് ആയി അമേരിക്കൻ പ്രസിഡന്റ് അടച്ചത്. 1.12 കോടി രൂപ(1,37,658 ഡോളർ) വരുമിത്. വരുമാനത്തിന്റെ 3.5 ശതമാനം 20 സന്നദ്ധ സംഘടനകൾക്ക് സംഭവാന ചെയ്തു.
കുട്ടികൾ, പള്ളികൾ, സംഘടനകൾക്കുൾപ്പെടേയുള്ള സംഭാവനകളും ഇതിൽ ഉൾപ്പെടും. റിപ്പോട്ടുകൾ പ്രകാരം അമേരിക്കൻ പ്രസിഡന്റിന്റെ ശമ്പള ഇനത്തിൽ 3.28 കോടി രൂപ (4,00,000 ഡോളർ) എന്നാണ് കാണിച്ചിരിക്കുന്നത്.
ഈ കാലയളവിൽ, വിർജീനിയ കോളേജ് കമ്മ്യൂണിറ്റിയിലെ അധ്യാപക ജോലിയിൽ കൂടി 67.5 ലക്ഷം രൂപ (82,335 ഡോളർ) ജിൽ ബൈഡന് വരുമാനമായി ലഭിച്ചു. ബാക്കിയുള്ള തുക, ഇൻവെസ്റ്റ്മെന്റ് ഇന്ററൻസ്, പെൻഷൻ, റിട്ടയർമെന്റ് തുടങ്ങിവയ വഴിയുള്ള വരുമാനമാണെന്ന് ഇരുവരും സംയുക്തമായി സമർപ്പിച്ച ടാക്സ് റിട്ടേണിൽ ചൂണ്ടിക്കാട്ടുന്നു.
2021ൽ 5.01 കോടി രൂപ (610,702) ഡോളറായിരുന്നു ബൈഡന്റെ വരുമാനം. 24.6 ശതമാനം ആദായനികുതി റിട്ടേൺ ആയിരുന്നു സമർപ്പിച്ചത്.
3.75 കോടി രൂപ (4,56,918 ഡോളർ) ആണ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റേയും എംഹോഫിന്റേയും വരുമാനം. 20.5 ശതമാനം നികുതി ആണ് ഇവർ അടച്ചത്. 76.8 ലക്ഷം (93,570 ഡോളർ) വരുമിത്.
18.8 ലക്ഷം രൂപ (23,000 ഡോളർ) കഴിഞ്ഞ വർഷം വിവിധ സന്നദ്ധ സംഘടനകൾക്ക് സംഭാവന നൽകി. 1.79 കോടി (2,19,171 ഡോളർ) ശമ്പളമായി കമല ഹാരിസിന് ലഭിച്ചത്. 5.1 ലക്ഷം രൂപ (62,870 ഡോളർ) പുസ്തകം വഴിയും ലഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
അധ്യാപനത്തിലൂടെ 1.39 കോടി രൂപ (1,69,665) ഡോളറാണ് എംഹോഫിന്റെ വരുമാനം.






