
സിംഗപ്പൂര്‍: രാവിലത്തെ സെഷനില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ മികച്ച നേട്ടവുമായി കുതിപ്പ് തുടര്‍ന്നു. സെന്‍സെക്‌സ് 281.95 പോയിന്റ് (0.48%) ഉയര്‍ന്ന് 59484.85 ലെവലിലും നിഫ്റ്റി 74.50 (0.42%) ഉയര്‍ന്ന് 17638.50 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. മൊത്തം 1781 ഓഹരികള്‍ മുന്നേറുമ്പോള്‍ 1015 ഓഹരികള്‍ തിരിച്ചടി നേരിട്ടു.
122 ഓഹരിവിലകള്‍ മാറ്റമില്ലാതെ തുടരുകയാണ്. നിഫ്റ്റിയില്‍ ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എച്ച്ഡിഎഫ്‌സി ലൈഫ്, കോടക് മഹീന്ദ്ര, ടൈറ്റന്‍ എന്നിവ നേട്ടത്തിലായപ്പോള്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ, ബജാജ് ഫിനാന്‍സ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍ എന്നിവയാണ് തിരിച്ചടി നേരിടുന്നത്. സെന്‍സെക്‌സില്‍ ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, കോടക് മഹീന്ദ്ര, ടൈറ്റന്‍ കമ്പനി, അള്‍ട്രാടെക് എന്നിവ മികച്ച പ്രകടനം നടത്തുന്നു.
ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ് എന്നിവ നഷ്ടത്തിലുമാണ്. ഇന്ത്യന്‍ പുതുവര്‍ഷം ആരംഭിക്കാനിരിക്കെ വിപണി നേട്ടം തുടരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മികച്ച രണ്ടാം പാദ ഫലങ്ങളും ശക്തമായ അടിസ്ഥാനങ്ങളും പ്രീമിയം വാല്വേഷനെ ന്യായീകരിക്കുന്നതാണെന്ന് ജിയോജിത്തിലെ വിജയ്കുമാര്‍ നിരീക്ഷിക്കുന്നു. വിദേശനിക്ഷേപകരുടെ പിന്‍മാറ്റത്തിന് ആനുപാതികമായി ആഭ്യന്തര നിക്ഷേപം വര്‍ധിക്കുന്നുണ്ട്.
ഐടി, ബാങ്ക് മേഖലകള്‍ മികച്ച രണ്ടാം പാദ പ്രകടനം നടത്തിയതോടെ മൊത്തം കോര്‍പറേറ്റ് വരുമാനം പ്രതീക്ഷിച്ചതോതിലാവുകയും ചെയ്തു. ആക്‌സിസ് ബാങ്ക്, ഐടിസി എന്നിവയുടെ പ്രകടനം പ്രതീക്ഷയെ വെല്ലുന്നതാണ്. പൊതുമേഖല ബാങ്കുകള്‍ മികച്ച പ്രകടനം നടത്തുന്നു.
ഈ പോസിറ്റീവ് സൂചനകള്‍ വച്ച് നോക്കുമ്പോള്‍ മുന്നേറ്റം തുടരാനാണ് സാധ്യതയെന്ന് വിജയ്കുമാര്‍ വിലയിരുത്തി.