
ബ്രസ്സല്‍സ്: ഒളിവില്‍ കഴിയുന്ന പിഎന്‍ബി തട്ടിപ്പ് കേസ് പ്രതി മെഹുല്‍ ചോക്‌സിയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള ഉത്തരവ് ബെല്‍ജിയന്‍ കോടതി അംഗീകരിച്ചു. ചോക്‌സിയെ അറസ്റ്റ് ചെയ്തതിന്റെ നിയമസാധുത ശരിവച്ച ആന്റ്വെര്‍പ്പ് കോടതി, ഇയാളെ ഇന്ത്യയ്ക്ക് കൈമാറാന്‍ സമ്മതിച്ചു.ഇന്ത്യയുടെ അഭ്യര്‍ത്ഥനപ്രകാരമാണ് ബെല്‍ജിയം ചോക്‌സിയെ അറസ്റ്റ് ചെയ്തത്.
അര്‍ബുദ രോഗത്തിന് ചികിത്സയില്‍ ആയതിനാല്‍ യാത്ര ചെയ്യാന്‍ ആകില്ലെന്ന് ചോക്‌സിയുടെ അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോടതി ഇക്കാര്യം പരിഗണിച്ചില്ല. ഗീതാഞ്ജലി ജെംസിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും പ്രമോട്ടറുമായിരുന്ന ചോക്സി, നീരവ് മോദിയുടെ അമ്മാവനാണ്. പഞ്ചാബ് നാഷണല്‍ ബാങ്കിനെ (പിഎന്‍ബി) കബളിപ്പിച്ച് 14,000 കോടിയിലധികം രൂപ തട്ടിയെടുത്ത കേസില്‍ പ്രതികളാണ് ഇരുവരും.
തട്ടിപ്പ് കഥ പുറത്തുവന്നയുടന്‍ ചോക്സിയും മോദിയും ഇന്ത്യ വിട്ടിരുന്നു. നിലവില്‍, ചോക്സി ആന്റിഗ്വയിലും ബാര്‍ബുഡയിലും മാറിമാറി താമസിക്കുകയാണ്.
ചോക്‌സിക്കെതിരെ മുംബൈ കോടതിയുടെ ജാമ്യമില്ല അറസ്റ്റ് വാറണ്ട് നിലവിലുണ്ട്. 2017ല്‍ ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ പൗരത്വം സ്വന്തമാക്കിയ ചോക്‌സി, രക്താര്‍ബുദ ചികിത്സയ്ക്കായാണ്, ഭാര്യ പ്രീതി ചോക്സിക്കൊപ്പം ബെല്‍ജിയത്തില്‍ എത്തിയത്. ഇന്ത്യന്‍, ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ പൗരത്വങ്ങള്‍ മറച്ചുവെച്ചാണ് മെഹുല്‍ ചോക്‌സി ബെല്‍ജിയത്തില്‍ താമസ പെര്‍മിറ്റ് സ്വന്തമാക്കിയത്.