
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന് അത്യാധുനിക എയര്‍ ഡിഫന്‍സ് ഫയര്‍ കണ്‍ട്രോള്‍ റഡാറുകള്‍ വിതരണം ചെയ്യുന്നതിനായി പ്രതിരോധ മന്ത്രാലയവുമായി 1,640 കോടി രൂപയുടെ (നികുതികള്‍ ഒഴികെ) കരാറില്‍ ഒപ്പുവച്ചിരിക്കയാണ് നവരത്‌ന ഡിഫന്‍സ് പിഎസ്യു ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് (ബിഇഎല്‍).
ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) രൂപകല്‍പ്പന ചെയ്ത് ബിഇഎല്‍ നിര്‍മ്മിക്കുന്ന നൂതന റഡാര്‍ സംവിധാനങ്ങള്‍, വൈവിധ്യമാര്‍ന്ന പ്രവര്‍ത്തന സാഹചര്യങ്ങളില്‍ ശക്തമായ വ്യോമ പ്രതിരോധ ശേഷി പ്രദാനം ചെയ്യുന്നവയാണ്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഈ സംവിധാനങ്ങള്‍ 24 മണിക്കൂറും നിരീക്ഷണം, ലക്ഷ്യ ശേഖരണം, ട്രാക്കിംഗ്, വ്യോമ പ്രതിരോധ തോക്കുകളുടെ നിയന്ത്രണം എന്നിവ വാഗ്ദാനം ചെയ്യുന്നു, പ്രതികൂല കാലാവസ്ഥയില്‍ പോലും വ്യോമ ഭീഷണികള്‍ക്ക് ഫലപ്രദമായ പ്രതികരണം ഉറപ്പാന്‍ ഇവയ്ക്കാകും.
ഇലക്ട്രോണിക് കൗണ്ടര്‍ മെഷര്‍ (ECM) സവിശേഷതകളാല്‍ സജ്ജീകരിച്ചിരിക്കുന്ന റഡാറുകള്‍ പ്രതികൂല ഇലക്ട്രോണിക് പരിതസ്ഥിതികളില്‍ തടസ്സമില്ലാതെ പ്രവര്‍ത്തിക്കുമെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. മോഡുലാര്‍ ആര്‍ക്കിടെക്ചര്‍ പ്രവര്‍ത്തന വഴക്കം വര്‍ദ്ധിപ്പിക്കുകയും ചലനാത്മകമായ ഫീല്‍ഡ് സാഹചര്യങ്ങളില്‍ വിന്യാസം, പ്രവര്‍ത്തനം, പരിപാലനം എന്നിവ എളുപ്പമാക്കുകയും ചെയ്യും.
കമ്പനി ഓഹരി 0.67 ശതമാനം ഇടിഞ്ഞ് 395.6 രൂപയിലാണ് വ്യാഴാഴ്ച ക്ലോസ് ചെയ്തത്.