
ന്യൂഡല്‍ഹി: സ്വര്‍ണ്ണ വായ്പകളുടെ മാതൃകയില്‍ വെള്ളി മെറ്റല്‍ വായ്പകള്‍ക്ക് നയപരമായ ചട്ടക്കൂട് വേണമെന്ന് ബാങ്കുകള്‍. ഇക്കാര്യം ആവശ്യപ്പെട്ട് വായ്പാ ദാതാക്കള്‍ ആര്‍ബിഐയെ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) സമീപിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വെള്ളി കയറ്റുമതി 16 ശതമാനം ഉയര്‍ന്നിരുന്നു.
ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം വെള്ളി, വെള്ളി വസ്തുക്കള്‍, ആഭരണ നിര്‍മ്മാണം എന്നിവയ്ക്കായി ധാരാളം പേര്‍ വായ്പ ആവശ്യപ്പെടുന്നുണ്ട്. വെള്ളി കയറ്റുമതി ഏകദേശം 25,000 കോടി രൂപയിലെത്തിയെന്നും ഈ മേഖലയില്‍ വായ്പയ്ക്ക് വലിയ ഡിമാന്‍ഡുണ്ടെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണ്ണത്തിനായുള്ള നിലവിലുള്ള റിസര്‍വ് ബാങ്ക് നിയമങ്ങള്‍ അനുസരിച്ച്, നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ബാങ്കുകള്‍ക്ക് സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ അധികാരമുണ്ട്. 2015 ലെ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീമിന്റെ ഭാഗമായ നിയുക്ത ബാങ്കുകള്‍ക്ക് ആഭരണ കയറ്റുമതിക്കാര്‍ക്കോ സ്വര്‍ണ്ണാഭരണങ്ങളുടെ ആഭ്യന്തര നിര്‍മ്മാതാക്കള്‍ക്കോ സ്വര്‍ണ്ണ (മെറ്റല്‍) വായ്പ (ജിഎംഎല്‍) നല്‍കാം.
വായ്പയുടെ ഒരു ഭാഗം ഭൗതിക സ്വര്‍ണ്ണത്തിന്റെ രൂപത്തില്‍ ഒരു കിലോയോ അതില്‍ കൂടുതലോ തിരിച്ചടയ്ക്കാനുള്ള ഓപ്ഷനും ബാങ്കുകള്‍ നല്‍കുന്നു. സമാനമായി വ്യാവസായിക പ്രധാന്യമുള്ള വിലയേറിയ ലോഹമാണ് വെള്ളിയെന്ന് ബാങ്ക് എക്‌സിക്യുട്ടീവുകള്‍ ചൂണ്ടിക്കാട്ടി.സ്വര്‍ണ്ണാഭരണങ്ങള്‍ പോലെ വില, പ്രവര്‍ത്തന നഷ്ട സാധ്യതകള്‍ വെള്ളിയ്ക്കുമുണ്ട്.
ജെം ജ്വല്ലറി എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ (ജിജെഇപിസി) ഏറ്റവും പുതിയ കണക്കുകള്‍ കാണിക്കുന്നത് വെള്ളി ആഭരണങ്ങളുടെ കയറ്റുമതി 23,492.71 കോടി രൂപയായി എന്നാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 16.02 ശതമാനം അധികമാണിത്. ആഗോള വെള്ളി ആവശ്യം 2022 ല്‍ 1.21 ബില്യണ്‍ ഔണ്‍സിലെത്തുമെന്ന് സില്‍വര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നു.
ആഗോള വെള്ളി വിപണി തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കമ്മി രേഖപ്പെടുത്തുമെന്നാണ് പ്രവചനം.