
കൊച്ചി: വിപണിയിൽ നിക്ഷേപകർക്ക് നേട്ടങ്ങൾ സമ്മാനിച്ച് പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ. ഒരു വർഷമായി പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ നൽകുന്ന ലാഭം സ്വകാര്യ ബാങ്കുകളുടെയും നിഫ്റ്റി പൊതു സൂചികയിൽ (നിഫ്റ്റി 50) ഉൾപ്പെടുന്ന 50 കമ്പനികളുടെയും ഓഹരികൾ നൽകുന്ന ലാഭത്തെക്കാൾ കൂടുതലാണ്. സമീപ കാലത്തെ ബാങ്ക് ഓഹരികളുടെ കുതിപ്പ്, മെച്ചപ്പെട്ട അടിസ്ഥാന ഘടകങ്ങൾ എന്നിവയെല്ലാം നിക്ഷേപകരുടെ താൽപര്യങ്ങൾക്ക് അടിവരയിടുന്നു.
കഴിഞ്ഞ 3 മാസത്തിൽ, നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചികയിലെ 12 ബാങ്കുകളിൽ, 9 എണ്ണവും നിക്ഷേപകർക്ക് വലിയ ലാഭമാണ് നൽകിയത്. ഇതിൽ ഏറ്റവും കൂടുതൽ ലാഭം നൽകിയത് കനറാ ബാങ്കും ബാങ്ക് ഓഫ് ഇന്ത്യയുമാണ്.
സ്വകാര്യ ബാങ്കുകൾക്കായുള്ള നിഫ്റ്റി ബാങ്ക് സൂചികയിലെ 14 ബാങ്കുകളും ഈ കാലയളവിൽ ലാഭം നൽകി. ഫെഡറൽ ബാങ്കും എയു സ്മോൾ ഫിനാൻസ് ബാങ്കുമാണ് ഏറ്റവും അധികം ലാഭം നൽകിയത്. എന്നാൽ നിഫ്റ്റി ബാങ്ക് സൂചിക, നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചികയെക്കാൾ വളരെ പിന്നിലായിരുന്നു.
സ്വകാര്യ ബാങ്ക് ഓഹരികൾ വളർച്ചയിൽ പൊതുമേഖലാ ബാങ്ക് ഓഹരികളെക്കാൾ പിന്നിലാണെന്നാണ് ഇതു നൽകുന്ന സൂചന. ഈ കാലയളവിൽ, നിഫ്റ്റി 50 സൂചികയിൽപ്പെടുന്ന കമ്പനികളിൽ, ശ്രീറാം ഫിനാൻസ് മാത്രമാണ് വലിയ മുന്നേറ്റം നടത്തിയത്. കമ്പനിയുടെ ഓഹരി വില ഈ കാലയളവിൽ കൂടിയത് 55 ശതമാനമാണ്. നിഫ്റ്റി 50 സൂചികയുടെ കയറ്റത്തിന് പ്രധാന കാരണം ഈ ഓഹരിയുടെ നേട്ടമാണ്.
കഴിഞ്ഞ ഒരു മാസത്തിനകം പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ 5.45 ശതമാനം മുന്നേറിയപ്പോൾ നിഫ്റ്റി ബാങ്ക് സൂചിക കൂടിയത് വെറും 0.75 ശതമാനം മാത്രമാണ്.
കഴിഞ്ഞ 3 മാസത്തിനുള്ളിൽ നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചിക 16.07% കൂടിയപ്പോൾ, മറ്റു രണ്ടു സൂചികകളും കൂടിയത് യഥാക്രമം 7.36 ശതമാനവും, 4.33 ശതമാനവും ആണ്.
ഒരു വർഷത്തെ വളർച്ച 39.07%, 20.65%, 10.79% എന്ന ക്രമത്തിലായിരുന്നു. ശക്തമായ അടിസ്ഥാന ഘടകങ്ങളാണ്, പൊതുമേഖലാ ബാങ്കുകളെ ഈ പ്രകടനം ക ാഴ്ചവയ്ക്കാൻ സഹായിച്ചത്.






