
മുംബൈ: 2025ല്‍ എന്‍ബിഎഫ്‌സി ഓഹരിയായ ബജാജ് ഫിനാന്‍സ് കാഴ്‌ച വെച്ചത് വേറിട്ട പ്രകടനം. ഈ വര്‍ഷം ഇതുവരെ ഈ ഓഹരി നല്‍കിയ നേട്ടം 36 ശതമാനമാണ്. 2025ല്‍ നിഫ്‌റ്റി ഓഹരികളില്‍ ഏറ്റവും ഉയര്‍ന്ന നേട്ടം നല്‍കിയത് ബജാജ് ഫിനാന്‍സാണ്.
52 ആഴ്‌ചത്തെ താഴ്‌ന്ന വിലയായ 6375 രൂപയില്‍ നിന്നും 47 ശതമാനമാണ് ഈ ഓഹരി ഉയര്‍ന്നത്. ബജാജ് ഫിനാന്‍സിന്റെ വിപണിമൂല്യത്തില്‍ 2025ല്‍ ഒന്നര ലക്ഷം കോടി രൂപയുടെ വര്‍ധനയാണുണ്ടായത്. ബജാജ് ഫിനാന്‍സിന്റെ വിപണിമൂല്യം നിലവില്‍ ആറ് ലക്ഷം കോടി രൂപയാണ്.
ഇന്നലെ ഈ ഓഹരി 9393 രൂപ എന്ന 52 ആഴ്‌ചത്തെ ഉയര്‍ന്ന വില രേഖപ്പെടുത്തി. ബജാജ് ഫിനാന്‍സില്‍ ലക്ഷ്യമാക്കുന്ന വില വിവിധ ആഗോള ബ്രോക്കറേജുകള്‍ ഉയര്‍ത്തി. ഓഹരി വില 11,000 രൂപയിലേക്ക് ഉയരുമെന്നാണ് സിഎല്‍എസ്‌എ പ്രവചിക്കുന്നത്.
ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ ബജാജ് ഫിനാന്‍സിന്റെ ലാഭം 4247 കോടി രൂപയാണ്. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത് 3639 കോടി രൂപയായിരുന്നു. 17 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്.
13 ശതമാനം വളര്‍ച്ചയോടെ 16,035 കോടി രൂപയാണ് കമ്പനിയുടെ പ്രവര്‍ത്തന വരുമാനം. മുന്‍വര്‍ഷ സമാന കാലയളവില്‍ വരുമാനം 14,164 കോടി രൂപയായിരുന്നു.