കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ആയുഷ്മാൻ ഭാരത്: മാര്‍ഗനിര്‍ദേശമിറക്കാതെ കേന്ദ്രം; സൗജന്യ ചികിത്സ കിട്ടാൻ ഇനിയും കാത്തിരിക്കണം

ആലപ്പുഴ: ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയില്‍ വരുമാനപരിധിയില്ലാതെ 70 വയസ്സു കഴിഞ്ഞവർക്ക് സൗജന്യ ചികിത്സ കിട്ടണമെങ്കില്‍ കേരളത്തിലുള്ളവർ കാത്തിരിക്കേണ്ടിവരും.

നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ (എൻ.എച്ച്‌.എ.) വെബ്സൈറ്റ്, ആയുഷ്മാൻ ആപ്പ് എന്നിവ വഴി കേന്ദ്രസർക്കാർ രജിസ്ട്രേഷൻ തുടങ്ങിയെങ്കിലും സംസ്ഥാനത്ത് എപ്പോള്‍ ചികിത്സ കിട്ടുമെന്നു വ്യക്തമല്ല. കേന്ദ്രത്തില്‍നിന്നു മാർഗരേഖ ലഭിച്ചാലേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകൂവെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.

സെപ്റ്റംബർ 11-നാണ് ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജന ആരോഗ്യ യോജനയെന്ന പേരില്‍ 70 കഴിഞ്ഞവർക്ക് അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സാപദ്ധതി പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച പ്രധാനമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തു.

തൊട്ടുപിന്നാലെ രാജ്യമാകെ രജിസ്ട്രേഷനും തുടങ്ങി. എന്നാല്‍, സംസ്ഥാനത്തെ അക്ഷയ, ഡിജിറ്റല്‍ സേവാകേന്ദ്രങ്ങള്‍ ഔദ്യോഗികമായി രജിസ്ട്രേഷൻ തുടങ്ങിയിട്ടില്ല. സംസ്ഥാന സർക്കാരിനു കീഴിലെ സ്റ്റേറ്റ് ഹെല്‍ത്ത് ഏജൻസി(എസ്.എച്ച്‌.എ.)യുടെ നിർദേശത്തിനായി കാത്തിരിക്കുകയാണവർ.

www.beneficiary.nha.gov.in എന്ന വെബ്സൈറ്റിലെ സിറ്റിസണ്‍ ലോഗിൻ വഴി നേരിട്ടും കംപ്യൂട്ടർ സ്ഥാപനങ്ങള്‍ വഴിയും ആളുകള്‍ രജിസ്റ്റർചെയ്യുന്നുണ്ട്. എന്നാല്‍, അവർക്ക് കേരളത്തിലെ ആശുപത്രികളില്‍നിന്ന് ഇപ്പോള്‍ സൗജന്യ ചികിത്സ ലഭിക്കില്ല. ചികിത്സാപ്പട്ടികയില്‍ കേന്ദ്രം ഉള്‍പ്പെടുത്തിയിട്ടുള്ള ആശുപത്രികള്‍ക്ക് എസ്.എച്ച്‌.എ.യുടെ നിർദേശം ലഭിക്കാത്തതാണു കാരണം.

കാരുണ്യ ആരോഗ്യസുരക്ഷാപദ്ധതി വഴി സൗജന്യ ചികിത്സ നല്‍കിയ വകയില്‍ സ്വകാര്യ ആശുപത്രികള്‍ക്കടക്കം കോടിക്കണക്കിനു രൂപ കുടിശ്ശികയുണ്ട്. അതുടൻ കിട്ടിയില്ലെങ്കില്‍ സൗജന്യ ചികിത്സയില്‍നിന്നു പിന്മാറുമെന്ന് ആശുപത്രികള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ പുതിയ ബാധ്യതയേറ്റെടുക്കാൻ അവർ തയ്യാറാകില്ലെന്നതും സംസ്ഥാനം പദ്ധതിയില്‍നിന്നു പിന്നാക്കംപോകാൻ കാരണമായി.

70 കഴിഞ്ഞവരുടെ സൗജന്യ ചികിത്സയ്ക്ക് കേന്ദ്രവിഹിതം 60 ശതമാനമാണ്. സംസ്ഥാനത്തിന്റേത് 40 ശതമാനവും. സാമ്പത്തികപ്രതിസന്ധിക്കിടെ ഈ തുക എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയും സംസ്ഥാനത്തിനുണ്ട്.

കേന്ദ്രത്തില്‍നിന്നുള്ള മാർഗനിർദേശം കിട്ടിയാലുടൻ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് അറിയിച്ചു.

X
Top