
ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ (ഏപ്രിൽ- സെപ്തംബർ) ഇന്ത്യയുടെ ഓട്ടോമൊബൈൽ കയറ്റുമതിയിൽ 17 ശതമാനം ഇടിവ്. ആദ്യ ആറു മാസങ്ങളിൽ മൊത്തം കയറ്റുമതി 22,11,457 യൂണിറ്റാണെന്ന് വാഹനനിർമാതാക്കളുടെ സംഘടനയായ സൊസൈറ്റി ഒഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചററേഴ്സ് ( സിയാം) അറിയിച്ചു.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 26,80,527 യൂണിറ്റുകളായിരുന്നു കയറ്റുമതി. ആഗോളതലത്തിലെ രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികളാണ് കയറ്റുമതി കുറയാൻ കാരണമെന്ന് സിയാം പ്രസിഡന്റ് വിനോദ് അഗർവാൾ പറഞ്ഞു.
അതേസമയം ഏപ്രിൽ-സെപ്തംബർ രാജ്യത്തെ ആഭ്യന്തര പാസഞ്ചർ വാഹന മൊത്തവ്യാപാരം ആദ്യമായി 20 ലക്ഷം കവിഞ്ഞു. മൊത്തവ്യാപാരം 19,36,804 യൂണിറ്റിൽ നിന്ന് 20,70,163 യൂണിറ്റായി ഈകാലയളവിൽ ഉയർന്നു.
എന്നാൽ ഈ കാലയളവിൽ പാസഞ്ചർ വെഹിക്കിൾ കയറ്റുമതിയിൽ വർദ്ധനവുണ്ടായി. 5 ശതമാനം ഉയർന്ന് പാസഞ്ചർ വാഹനങ്ങളുടെ കയറ്റുമതി 3,36,754 യൂണിറ്റിലെത്തി, മുൻ വർഷം ഇതേ കാലയളവിൽ ഇത് 3,20,506 യൂണിറ്റായിരുന്നു.
അതേസമയം രാജ്യത്തെ പാസഞ്ചർ വാഹന മൊത്തവ്യാപാരം ജൂലായ്- സെപ്തംബർ പാദത്തിൽ ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തി. രണ്ടാം പാദത്തിൽ 10,74,189 യൂണിറ്റുകളായി ഉയർന്നു, മുൻവർഷം ഇതേ കാലയളവിലെ 10,26,309 യൂണിറ്റുകളിൽ നിന്ന് 4.7 ശതമാനം വർദ്ധന.
അതേസമയം ഇരുചക്ര, മുച്ചക്ര, വാണിജ്യ വാഹന കയറ്റുമതിയിൽ കഴിഞ്ഞവർഷം ഏപ്രിൽ-സെപ്തംബറുമായി താരതമ്യപ്പെടുത്തുമ്പോൾ ഈവർഷം കുറവുണ്ടായി.
വാണിജ്യ വാഹന കയറ്റുമതി മുൻ വർഷത്തെ 42,306 യൂണിറ്റുകളിൽ നിന്ന് ഈവർഷം ഏപ്രിൽ- സെപ്തംബർ കാലയളവിൽ 31,864 യൂണിറ്റായി കുറഞ്ഞു. 25 ശതമാനം ഇടിവ്. ഇരുചക്രവാഹന കയറ്റുമതിയിൽ 20 ശതമാനം ഇടിവുണ്ടായി.
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ആദ്യ ആറുമാസത്തിൽ ഇത് 21,04,845 യൂണിറ്റായിരുന്നത് ഈവർഷം 16,85,907 യൂണിറ്റിലെത്തി.
മുൻവർഷത്തെ 2,12,126 യൂണിറ്റിൽ നിന്ന് മുച്ചക്ര വാഹന കയറ്റുമതി ഈവർഷം 1,55,154 യൂണിറ്റായി കുറഞ്ഞു.






