
മുംബൈ: ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ 41 ഓഹരികള്‍ നിക്ഷേപകര്‍ക്ക് 100 ശതമാനത്തിലേറെ നേട്ടം നല്‍കി. ഓഹരി വിപണി നടത്തിയ ശക്തമായ കുതിപ്പ് ചില ഓഹരികള്‍ വേറിട്ട പ്രകടനം കാഴ്‌ച വെക്കുന്നതിനാണ് സാഹചര്യമൊരുക്കിയത്.
500 കോടി രൂപക്ക് മുകളില്‍ വിപണിമൂല്യമുള്ള കമ്പനികളുടെ പട്ടികയില്‍ നിന്ന് മാത്രമുള്ള മള്‍ട്ടിബാഗറുകളാണ് ഇവ. ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ നിഫ്‌റ്റി 10 ശതമാനമാണ് ഉയര്‍ന്നത്.
താന്‍ല പ്ലാറ്റ്‌ഫോംസ്, സുസ്‌ലോണ്‍ എനര്‍ജി, ടെക്‌സ്‌മാകോ റെയില്‍ സിസ്റ്റംസ്, ജെബിഎം ഓട്ടോ, ജിന്റാല്‍ സോ, മാസഗോണ്‍ ഡോക് ഷിപ്പ് ബില്‍ഡേഴ്‌സ്, ഇനോക്‌സ് വിന്റ് എനര്‍ജി, ഫോഴ്‌സ് മോട്ടോഴ്‌സ് തുടങ്ങിയവ ഈ മള്‍ട്ടിബാഗറുകളില്‍ ഉള്‍പ്പെടുന്നു.
ഓട്ടോമൊബൈല്‍ ഓഹരികളും ഓട്ടോ അനുബന്ധിത ഓഹരികളുമാണ് നേട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ഫോഴ്‌സ് മോട്ടോഴ്‌സ് 122 ശതമാനം നേട്ടമാണ് നല്‍കിയത്. ഇലക്‌ട്രിക് വാഹന നിര്‍മാതാക്കളായ ഒലെക്‌ട്ര ഗ്രീന്‍ടെക് 120 ശതമാനം നേട്ടം നല്‍കി.
ജെബിഎം ഓട്ടോ മൂന്ന് മാസത്തിനുള്ളില്‍ 100 ശതമാനത്തിലേറെ നേട്ടം നല്‍കി. ജയ്‌ഭാരത് മാരുതി 128 ശതമാനം ഉയര്‍ന്നു.
പൊതുമേഖലാ കമ്പനിയായ മാസഗോണ്‍ ഡോക് ഷിപ് ബില്‍ഡേഴ്‌സ് 159 ശതമാനമാണ് ഉയര്‍ന്നത്.






