
ദൂരദര്‍ശന്‍ കാലം ഓര്‍മയുള്ളവര്‍ക്കായിരിക്കും ഏഷ്യാനെറ്റിന്റെ പ്രസക്തി നന്നായി മനസിലാവുക. തിരുവനന്തപുരത്തു നിന്നുള്ള ഭൂതല സംപ്രേക്ഷണത്തെ മാത്രം ആശ്രയിച്ച് നിന്നിരുന്ന മലയാളം ടിവി കാഴ്ചകള്‍. മലയാളിയുടെ ടെലിവിഷന്‍ കാഴ്ചയ്ക്ക് ഒരു ഹിന്ദി ടച്ച് അന്ന് ഒഴിവാക്കാന്‍ കഴിയുന്നതായിരുന്നില്ല. ആ ലോകത്തേക്കാണ് മുഴുനീള മലയാള പരിപാടികളുമായി ഏഷ്യാനെറ്റ് വരുന്നത്.
അന്ന് കേബിള്‍ വരിക്കാര്‍ വളരെ കുറവാണ്. ഡിഷ് ടിവിയുമില്ല. ഏഷ്യാനെറ്റ് കാണിക്കണമെങ്കില്‍ ടിവി സംപ്രേക്ഷണം മാത്രം പോരാ, കേബിള്‍ വലിച്ച് വീടുകളില്‍ എത്തിക്കണം. സാറ്റലൈറ്റ് സംരക്ഷണ സംവിധാനം ആകട്ടെ അടുത്തുള്ളത് സിംഗപ്പൂരില്‍ മാത്രം. വാര്‍ത്ത വായിക്കുന്നത് സിംഗപ്പൂരില്‍ നിന്ന് നേരിട്ട്. ഡെസ്‌ക് തിരുവനന്തപുരത്ത്. ഇവിടുത്തെ സ്റ്റുഡിയോയില്‍ തയ്യാറാക്കുന്ന പരിപാടികള്‍ കാസറ്റുകളില്‍ ആക്കി വിമാനത്തില്‍ അയക്കണം.
റെജി മേനോന്‍ റഷ്യയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസ് നടത്തുന്ന മലയാളി. ആള്‍ കൊടുങ്ങല്ലൂരുകാരനാണ്. ശശികുമാര്‍ ദൂരദര്‍ശനില്‍ ഇംഗ്ലീഷ് വാര്‍ത്ത വായിക്കുന്ന പ്രേക്ഷകര്‍ക്കിടയിലെ പരിചിത മുഖമാണ്. ടെലിവിഷന്‍ ജേര്‍ണലിസത്തില്‍ പരിണിതപ്രജ്ഞന്‍. ശശികുമാറിന്റെ അമ്മാവനാണ് റെജി മേനോന്‍. അവര്‍ ഒരുമിച്ചപ്പോള്‍ ഏഷ്യാനെറ്റ് യാഥാര്‍ത്ഥ്യമായി.
അന്ന് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്‍ ആണ് ഇലക്ട്രിക് പോസ്റ്റിലൂടെ കേബിള്‍ വലിക്കാന്‍ അനുമതി നല്‍കിയത്. അങ്ങനെ ഏഷ്യാനെറ്റ് എന്ന ചാനലും ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് എന്ന കേബിള്‍ നെറ്റ്‌വര്‍ക്കും രൂപം കൊണ്ടു. പി ഭാസ്‌കരനും, സക്കറിയയും, ബിആര്‍പി ഭാസ്‌കറും, ടിഎന്‍ ഗോപകുമാറും, രവീന്ദ്രനും ഉള്‍പ്പെടെ പ്രതിഭാശാരികളുടെ ഒരു നിര.
കണ്ണാടി, അണിയറ, പത്ര വിശേഷം, മുന്‍ഷി, സഞ്ചാരം തുടങ്ങി ഉള്‍ക്കാമ്പുള്ള ഒട്ടേറെപരിപാടികള്‍. ജനകീയ സീരിയലുകള്‍, സിനിമാ, വിനോദ പരിപാടികള്‍, റിയാലിറ്റി ഷോകള്‍. മലയാളികളുടെ മനം നിറച്ച ഏഷ്യാനെറ്റ് പലതിലും ബെഞ്ച് മാര്‍ക്കുകള്‍ സൃഷ്ടിച്ചു. സ്വതന്ത്ര വാര്‍ത്താ സംസ്‌കാരം മലയാളത്തിന് സമ്മാനിച്ചതില്‍ ഏഷ്യാനെറ്റ് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് കേബിള്‍ ശൃംഖല ദശലക്ഷത്തിലധികം വരിക്കാരുമായി ഏറെക്കാലം മുന്നില്‍ നിന്നു. അതിന് കീഴില്‍ സംസ്ഥാനത്തുടനീളം പ്രാദേശിക കേബിള്‍ ചാനലുകളും തുടങ്ങി. പിന്നീടൊരു ഘട്ടത്തില്‍ ഏഷ്യാനെറ്റ് കേബിള്‍ മുംബൈയിലെ രഹേജാ ഗ്രൂപ്പിന് വിറ്റു. അതിനിടെ ഏഷ്യാനെറ്റ് ന്യൂസ് എന്ന മുഴുനീള വാര്‍ത്താ ചാനല്‍ അവര്‍ തുടങ്ങി. ഏഷ്യാനെറ്റ് പ്ലസും മൂവിസും ആരംഭിച്ചു. കന്നടയില്‍ സുവര്‍ണ്ണ എന്ന ചാനലും തുടങ്ങി. ഗള്‍ഫില്‍ റേഡിയോയും.
നിരവധി ചാനലുകള്‍ പിന്നീട് വന്നെങ്കിലും റേറ്റിങ്ങില്‍ ഏഷ്യാനെറ്റിനെ പിന്തള്ളാന്‍ ആര്‍ക്കും കഴിഞ്ഞില്ല.
എന്റര്‍ടൈന്‍മെന്റ് റേറ്റിംഗില്‍ ഏഷ്യാനെറ്റ് ബഹുദൂരം മുന്നില്‍ നിന്നു. ന്യൂസ് ആകട്ടെ ചില്ലറ വെല്ലുവിളികളെ അതിജീവിച്ച് മുന്നില്‍ തന്നെ നില്‍ക്കുന്നു. ഇപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ് രാജിവ് ചന്ദ്രശേഖരന്റെ കീഴിലും, മറ്റ് ഏഷ്യാനെറ്റ് ചാനലുകള്‍ സ്റ്റാറിന്റെ ഉടമസ്ഥതയിലുമാണ്.
ലോകത്തിലെ ഏറ്റവും അധികം മലയാളികളെ പരസ്പരം ബന്ധിപ്പിക്കുന്ന മാധ്യമം എന്ന നിലയിലാണ് ഏഷ്യാനെറ്റിന്റെ എക്കാലത്തെയും പൊസിഷനിംഗ്.






