
കൊച്ചി: ഇൻഫോപാർക്ക് മൂന്നാംഘട്ടം നടപ്പാക്കുന്നതിന് അനുമതി നൽകി സർക്കാരിന്റെ ഉത്തരവ്. സംസ്ഥാന ഐടി വകുപ്പാണ് അനുമതി നൽകിയത്. മൂന്നാംഘട്ടത്തിനായി ജിസിഡിഎ നേതൃത്വത്തിൽ 300 ഏക്കർ സ്ഥലം ലാൻഡ് പൂളിങ്ങിലൂടെ കണ്ടെത്തും. ഇതിനായുള്ള ധാരണപത്രത്തിൽ ഇൻഫോപാർക്കും ജിസിഡിഎയും 29ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ഒപ്പുവയ്‌ക്കും.
എഐ സാങ്കേതികവിദ്യ നിയന്ത്രിത ടൗൺഷിപ്പാണ് വിഭാവനം ചെയ്യുന്നത്. 20 മില്യൺ ചതുരശ്രയടി ഐടി സ്‌പേയ്‌സോടെയുള്ള ടൗൺഷിപ്പിൽ വസതികൾ, വിദ്യാഭ്യാസ, ആരോഗ്യ, വാണിജ്യ സ്ഥാപനങ്ങൾ ഉൾപ്പെടെയുണ്ടാകും. കായിക, വിനോദ സൗകര്യങ്ങളും സജ്ജമാക്കും. മാലിന്യ സംസ്കരണത്തിനും അത്യാധുനിക സൗകര്യങ്ങൾ ഒരുക്കും.
രണ്ടുലക്ഷത്തോളം പേർക്ക് തൊഴിലവസരമുണ്ടാകും. കൊച്ചി നഗരം, ദേശീയപാത, റെയിൽവേ, വിമാനത്താവളം എന്നിവിടങ്ങളിലേക്ക് അനായാസം എത്താനുള്ള ഗതാഗതസൗകര്യങ്ങളും ഉറപ്പാക്കും.
കുന്നത്തുനാട്, കിഴക്കമ്പലം വില്ലേജുകളിലായാണ് പദ്ധതിപ്രദേശം. ഇൻഫോപാർക്കിന്റെയും ജിസിഡിഎയുടെയും ഉത്തരവാദിത്വങ്ങൾ വിശദമാക്കിയാണ് ഉത്തരവ്. സാധ്യതാപഠനം, സ്ഥലം കണ്ടെത്തൽ, സ്ഥലമുടമകളോട് പദ്ധതി വിശദീകരിക്കൽ– ചർച്ചകൾ, സ്ഥലമുടമകളുടെ സമ്മതം നേടൽ, സർവേകൾ, ലാൻഡ്‌പൂളിങ്ങിനുള്ള വിശദപദ്ധതി റിപ്പോർട്ട് തയ്യാറാക്കൽ, ആസൂത്രണ മേൽനോട്ടം, റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, ഭൂമിയുടെ വികസനം, വികസിപ്പിച്ച ഭൂമിയുടെ നിശ്ചിതഭാഗം ഉടമയ്‌ക്ക് പുനർവിതരണം ചെയ്യൽ തുടങ്ങിയ ചുമതലകൾ ജിസിഡിഎ വഹിക്കും. ഫണ്ട് ഇൻഫോപാർക്ക് നൽകണം.
ഇൻഫോപാർക്കിനാണ് പദ്ധതിയുടെ ഉടമസ്ഥാവകാശം. പദ്ധതി കാഴ്‌ചപ്പാട്, ഐടി നിക്ഷേപം, ഐടി കമ്പനികളെ ആകർഷിക്കൽ തുടങ്ങിയ ചുമതലകൾ ഇൻഫോപാർക്കിന്റേതാണ്. മൂന്നാംഘട്ട ഐടി ക്യാമ്പസിന്റെ പരിപാലനം, നടത്തിപ്പ്, അറ്റകുറ്റപ്രവൃത്തികൾ എന്നിവയുടെ ഉത്തരവാദിത്വവും ഇൻഫോപാർക്ക് വഹിക്കും.
ഐടി പാർക്ക്, ടൗൺഷിപ് അനുബന്ധ ഘടകങ്ങൾ എന്നിവയുടെ രൂപഘടന, മാസ്‌റ്റർപ്ലാൻ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറേണ്ടതും ഇൻഫോപാർക്കാണ്. ലാൻഡ്‌പൂളിങ് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഒരുവർഷത്തിനുള്ളിൽ ഇൻഫോപാർക്കും ജിസിഎഡിയും ചേർന്ന് വിശദ പദ്ധതി നിർദേശം സർക്കാരിന് സമർപ്പിക്കണം.