
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ നവീകരണത്തിനായി സർക്കാർ നൽകിയ പിന്തുണ എണ്ണിപ്പറഞ്ഞ് സംസ്ഥാന ധനവകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ. സംസ്ഥാന സർക്കാരിന്റെ ബജറ്റ് പ്രസംഗത്തിനിടെയാണ് 2021 മുതൽ 26 വരെയുള്ള കാലയളവിൽ കേരള സർക്കാർ കെഎസ്ആർടിസിയുടെ നവീകരണത്തിനായി നൽകിയിട്ടുള്ള സഹായങ്ങൾ മന്ത്രി അറിയിച്ചത്.
2021 മുതൽ 26 വരെയുള്ള കാലയളവിൽ കെഎസ്ആർടിസിക്കും സ്വിഫ്റ്റിനുമായി 662 പുതിയ ബസുകൾ വാങ്ങാനായെന്നാണ് മന്ത്രി അറിയിച്ചത്. ഇതിൽ 134 എണ്ണം കെഎസ്ആർടിസിക്കും 528 എണ്ണം സ്വിഫ്റ്റിനുമായാണ് വാങ്ങിയത്. തുടർന്ന് കെഎസ്ആർടിസിയുടെ ബസുകളിൽ കാലപ്പഴക്കം ചെന്നവയെ പൊളിച്ച് നീക്കി പുതിയ ബിഎസ്6 ബസുകൾ വാങ്ങുന്നതിനായി നൽകുന്ന സർക്കാർ വിഹിതം 127 കോടി രൂപയായി വർധിപ്പിക്കുകയാണെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
കെഎസ്ആർടിസിയിലേക്ക് കൂടുതൽ യാത്രക്കാരെ ആകർഷിക്കാനും പ്രതിമാസ പ്രവർത്തന നഷ്ടം കുറയ്ക്കുന്നതിനും വലിയ ചുവടുവയ്പ്പുകളാണ് വകുപ്പിൽ നിന്ന് ഉണ്ടാകുന്നത്. ഇവ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി മികച്ച ബസുകൾ എത്തിക്കുകയും വർക്ക്‌ഷോപ്പ്, ഡിപ്പോകൾ എന്നിവയുടെ ആധുനികവത്കരണത്തിനുമായി 45.72 കോടി രൂപ ബജറ്റിൽ വകയിരുത്തുകയാണെന്ന് മന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ അറിയിച്ചു.
കെഎസ്ആർടിസിയെ ഇ-ഗവേണൻസ് പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തുന്നതിനായുള്ള സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ പരിഷ്‌കരണങ്ങൾക്കായി 12 കോടി രൂപയും ബജറ്റിൽ അനുവദിച്ചിട്ടുണ്ട്.
മലപ്പുറം, തൃശ്ശൂർ, ഇടുക്കി, എറണാകുളം, ചങ്ങനാശ്ശേരി, കൊട്ടാരക്കര, കായംകുളം, ചെങ്ങന്നൂർ, ആറ്റിങ്ങൽ എന്നിവിടങ്ങളിലെ കെഎസ്ആർടിസി ഡിപ്പോകളുടെ നവീകരണ പ്രവർത്തികൾ പുരോഗമിക്കുകയാണെന്നും മന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ അറിയിച്ചു.





