
മുംബൈ: പ്രതിരോധ മേഖലയിൽ പുതിയ കുതിപ്പിന് അനിൽ അംബാനി നയിക്കുന്ന റിലയൻസ് ഡിഫൻസ്. ജർമൻ ആയുധ നിർമാതാക്കളായ റൈൻമെട്ടോളിനുവേണ്ടി ആർട്ടിലറി ഷെല്ലുകളും വെടിക്കോപ്പുകളും നിർമിച്ചു നൽകാനുള്ള കരാറിൽ റിലയൻസ് ഡിഫൻസ് ഒപ്പുവച്ചു.
മഹാരാഷ്ട്രയിലെ രത്നഗിരിയിൽ റിലയൻസ് ഡിഫൻസ് സ്ഥാപിക്കുന്ന വമ്പൻ ഫാക്ടറിയിൽ നിന്നാകും റൈൻമെട്ടോളിനുള്ള ആർട്ടിലറി ഷെല്ലുകളും വെടിക്കോപ്പുകളും ലഭ്യമാക്കുക. ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ ആയുധ നിർമാണ ഫാക്ടറിയായിരിക്കും ഇത്.
അനിൽ അംബാനിയുടെ റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ ഉപസ്ഥാപനമാണ് റിലയൻസ് ഡിഫൻസ്. റിലയൻസ് ഇൻഫ്രാസ്ട്രക്ചർ നേടുന്ന മൂന്നാമത്തെ പ്രതിരോധ കരാറാണിത്. നേരത്തേ ഫ്രഞ്ച് കമ്പനികളായ ഡാസോ ഏവിയേഷൻ, തെയ്ൽസ് എന്നിവയുമായി കരാറിൽ ഏർപ്പെട്ടിരുന്നു.
റഫാൽ പോർവിമാനങ്ങളുടെ നിർമാതാക്കളാണ് ഡാസോ. ലക്ഷ്യത്തിലേക്ക് കൃത്യമായി ബോംബ് ആക്രമണം നടത്താൻ സഹായിക്കുന്ന സാങ്കേതികവിദ്യയായ ലേസർ ഡെസിഗ്നേറ്റർ പോഡ്സ് വികസിപ്പിക്കുന്ന കമ്പനിയാണ് തെയ്ൽസ്.
മഹാരാഷ്ട്രയിലെ രത്നഗിരിയിൽ പ്രതിവർഷം 2 ലക്ഷം ആർട്ടിലറി ഷെല്ലുകളും 10,000 ടൺ വെടിക്കോപ്പുകളും 2,000 ടൺ പ്രൊപ്പലന്റുകളും നിർമിക്കാൻശേഷിയുള്ള ഫാക്ടറിയാണ് റിലയൻസ് ഡിഫൻസ് സജ്ജമാക്കുന്നതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിലെ മൂന്നാമത്തെ വലിയ പ്രതിരോധ കയറ്റുമതിക്കാരാകാൻ ഈ ഫാക്ടറി റിലയൻസ് ഡിഫൻസിന് കരുത്താകും. 2029ഓടെ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 50,000 കോടി രൂപയിലെത്തിക്കാൻ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതിനിടെയാണ് റിലയൻസ് ഡിഫൻസും റൈൻമെട്ടോളും തമ്മിലെ കരാർ എന്നതും പ്രത്യേകതയാണ്.
കേന്ദ്രസർക്കാരിന്റെ ‘ആത്മനിർഭർ ഭാരത്’ ക്യാംപെയ്നിന് കരുത്തേകുന്നതാണ് റിലയൻസ് ഡിഫൻസിന്റെ പ്രവർത്തനമെന്ന് അനിൽ അംബാനി പ്രതികരിച്ചു.
ഇന്ത്യയെ പ്രതിരോധശക്തിയിൽ സ്വയംപര്യാപ്തമാക്കുന്നതിനൊപ്പം കയറ്റുമതിയിലും മുൻനിരയിലെത്തിക്കാൻ പിന്തുണ നൽകുകയാണ് റിലയൻസ് ഡിഫൻസ് എന്നും അദ്ദേഹം പറഞ്ഞു.