
മുംബൈ: പണംതിരിമറി തടയൽ (പിഎംഎൽഎ) നിയമപ്രകാരം നടത്തിയ വ്യാപക റെയ്ഡിനു പിന്നാലെ അനിൽ അംബാനിക്കുമേൽ അന്വേഷണത്തിന്റെ കുരുക്കുമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). റിലയൻസ് ഗ്രൂപ്പുമായി ബന്ധപ്പെട്ട് മൊത്തം 17,000 കോടി രൂപ മതിക്കുന്ന വായ്പാത്തട്ടിപ്പ് ആരോപണത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാനായി അനിൽ അംബാനിക്ക് ഇ.ഡി സമൻസ് അയച്ചു. ഓഗസ്റ്റ് 5ന് ഹാജരാകാനാണ് നിർദേശമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞയാഴ്ച ഇ.ഡി 35 സ്ഥലങ്ങളിലായി അനിൽ അംബാനിയുടെ 50 സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. 25 പേരെ ചോദ്യവും ചെയ്തു. അനിൽ അംബാനി നയിക്കുന്ന റിലയൻസ് ഇൻഫ്രാസ്ട്രക്ചർ 10,000 കോടി രൂപയുടെ വായ്പ തരപ്പെടുത്തി തിരിമറി നടത്തിയെന്ന് ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെബി ഇ.ഡിക്കടക്കം റിപ്പോർട്ട് നൽകിയെന്നാണ് സൂചനകൾ. ഇതു പ്രകാരമാണ് ഇ.ഡിയുടെ അന്വേഷണം.
അതേസമയം, ആരോപണങ്ങൾ റിലയൻസ് ഗ്രൂപ്പ് നിഷേധിച്ചിട്ടുണ്ട്. വായ്പാത്തുക 6,500 കോടി രൂപ മാത്രമാണെന്നിരിക്കെ 10,000 കോടി രൂപയുടെ തിരിമറി നടത്തിയെന്ന് എങ്ങനെ ആരോപിക്കാനാകുമെന്നും കമ്പനി അധികൃതർ ചോദിക്കുന്നു.
2016-17 മുതൽ 2020-21 വരെയുള്ള കാലയളവിൽ സിഎൽഇ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി മുഖേന റിലയൻസ് ഗ്രൂപ്പ് പണംതിരിമറി നടത്തിയെന്നാണ് സെബിയുടെ പ്രധാന ആരോപണം. സിഎൽഇ റിലയൻസുമായി ബന്ധമുള്ള കമ്പനിയായിട്ടും ഇക്കാര്യം റിലയൻസ് ഗ്രൂപ്പ് സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചിട്ടില്ലെന്നും സെബി ആരോപിക്കുന്നു.