
ക്രോം ഓഎസും ആൻഡ്രോയിഡും തമ്മില്‍ ലയിപ്പിക്കുമെന്ന് സ്ഥിരീകരിച്ച് ഗൂഗിള്‍. ടെക്ക് റഡാറിന് നല്‍കിയ പ്രതികരണത്തില്‍ ഗൂഗിള്‍ ആൻഡ്രോയിഡ് ഇക്കോസിസ്റ്റം പ്രസിഡന്റ് സമീർ സാമത്ത് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ലയന പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇതിന് എപ്പോള്‍ പൂർത്തിയാകുമെന്ന് വ്യക്തമല്ല. ഇതോടെ ലാപ്ടോപ്പുകള്‍, ടാബ്ലെറ്റുകള്‍,ഫോണുകള്‍ എന്നിവയുടെ സോഫ്റ്റ് വെയർ നിർമിതിയില്‍ ഗൂഗിള്‍ സമൂലമാറ്റം കൊണ്ടുവരും.
ക്രോം ബുക്കുകള്‍ ഉള്‍പ്പടെയുള്ള ചില ഉപകരണങ്ങള്‍ക്ക് വേണ്ടി ഗൂഗിള്‍ വികസിപ്പിച്ച ക്ലൗഡ് അധിഷ്ഠിത ഓപ്പറേറ്റിങ് സിസ്റ്റമാണ് ക്രോം ഓഎസ്. വളരെ കുറഞ്ഞ അളവിലുള്ള ലോക്കല്‍ സ്റ്റോറേജ് മാത്രമാണ് ഇതിന് ആവശ്യമുള്ളത്.
ക്ലൗഡ് കംപ്യൂട്ടിങ്, വെബ് ആപ്പുകള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് ഇതിന്റെ പ്രവർത്തനം. ആൻഡ്രോയിഡാകട്ടെ എല്ലാവർക്കും സുപരിചിതമാണ്. സ്മാർട്ഫോണുകള്‍ക്ക് വേണ്ടിയുള്ള ഓപ്പറേറ്റിങ് സിസ്റ്റമാണ് ആൻഡ്രോയിഡ്. ഈ രണ്ട് പ്ലാറ്റ്ഫോമുകളെയാണ് ഒറ്റ പ്ലാറ്റ്ഫോമായി ലയിപ്പിക്കുന്നത്.
വളരെ മുമ്പ് തന്നെ ഇത് സംബന്ധിച്ച് അഭ്യൂഹം നിലനിന്നിരുന്നുവെങ്കിലും കമ്ബനി ആദ്യമായാണ് അതില്‍ വ്യക്തത വരുത്തിയത്.
ലാപ്ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, സ്മാർട്ഫോണുകള്‍ ഉള്‍പ്പടെ ഉപകരണങ്ങളിലൂടനീളം കൂടുതല്‍ സുഗമമായ അനുഭവം ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ആപ്പിള്‍ ഇക്കോസിസ്റ്റത്തിന് സമാനമായ അനുഭവം ആൻഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് നല്‍കാൻ ഇതുവഴി ഗൂഗിളിന് സാധിക്കും.
രണ്ട് ഒഎസുകളും ലയിക്കുന്നതോടെ, ക്രോം ബുക്കുകള്‍ ഈ പുതിയ ഏകീകൃത ഒഎസിലേക്ക് മാറും. ആൻഡ്രോയിഡ് ഫോണുകളുമായി സുഗമമായി ബന്ധിപ്പിക്കാവുന്നതും ആൻഡ്രോയിഡ് ആപ്പുകള്‍ പ്രവർത്തിക്കുന്നതുമായിരിക്കും അത്.
‘സ്നോവി’ ഈ ലയന പദ്ധതിക്ക് പേരെന്നും, ഗൂഗിളിന്റെ വരാനിരിക്കുന്ന പിക്സല്‍ ബ്രാൻഡ് ലാപ്ടോപ്പില്‍ പുതിയ ഒഎസ് ആയിരിക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. എന്നാല്‍, പെട്ടെന്നൊരു മാറ്റം നിലവില്‍ പ്രതീക്ഷിക്കേണ്ടതില്ല. പുതിയ ഒഎസ് എന്ന് അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.