
മുംബൈ: ആർപിജി ഗ്രൂപ്പിന്റെ വൈസ് ചെയർമാനായി അനന്ത് ഗോയങ്ക ചുമതലയേൽക്കുമെന്ന് അറിയിച്ചു. ആർപിജി ഗ്രൂപ്പ് ചെയർമാൻ ഹർഷ് ഗോയങ്കയുടെ മകനാണ് അനന്ത് ഗോയങ്ക.
ഈ നിയമനത്തിനു ശേഷവും അനന്ത് ഗോയങ്ക സിയറ്റിന്റെയും സെൻസർ ടെക്‌നോളജീസിന്റെയും വൈസ് ചെയർമാനായി തന്നെ തുടരും. 40 കാരനായ അനന്ത് ഗോയങ്ക കെല്ലോഗ് സ്കൂൾ ഓഫ് മാനേജ്മെന്റിൽ നിന്ന് എംബിഎയും ചെയ്തു.
പിതാവിന്റെ കമ്പനിയായ സിയറ്റിൽ ചേരുന്നതിന് മുമ്പ് അനന്ത് യൂണിലിവറിലും കെഇസി ഇന്റർനാഷണൽ എന്ന ഗ്രൂപ്പ് കമ്പനിയിലും ജോലി ചെയ്തിരുന്നു.
സിയറ്റിന്റെയും സെൻസാറിന്റെയും വിസി ആകുന്നതിന് മുമ്പ്, അനന്ത് 10 വർഷത്തെ കാലയളവിൽ സിയറ്റിന്റെ സിഇഒയും എംഡിയും ആയിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കമ്പനിയുടെ വിപണി മൂലധനം 20 മടങ്ങ് വർധിച്ചതായി റിപോർട്ടുകൾ പറയുന്നുണ്ട്.
കഴിഞ്ഞ ദശകത്തിൽ സിയറ്റിനെ പ്രകടന മികവിലേക്ക് നയിച്ച അനന്ദ്, ആർപിജി ഗ്രൂപ്പിന്റെ വളർച്ചയുടെ അടുത്ത തരംഗത്തെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കും.
ഓട്ടോമോട്ടീവ് ടയർ മാനുഫാക്‌ചറേഴ്‌സ് അസോസിയേഷന്റെ (എടിഎംഎ) ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
“ഇത് ഞാൻ വിലമതിക്കുന്ന ഒരു ബഹുമതിയും ഉത്തരവാദിത്തവുമാണ്, ഞങ്ങളുടെ ബിസിനസുകളുടെ വളർച്ചയ്ക്കും മത്സരക്ഷമതയ്ക്കും സംഭാവന നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” അനന്ത് ഗോയങ്ക പറഞ്ഞു.