
ന്യൂഡല്‍ഹി: നിഷ്‌ക്രിയ ആസ്തികള്‍ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് (എആര്‍സി) കൈമാറിയതിനെ തുടര്‍ന്ന് സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരി തിങ്കളാഴ്ച തിളങ്ങി.5.91 ശതമാനം ഉയര്‍ന്ന് 105.70 രൂപയിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തത്. 90 രൂപയില്‍ സപ്പോര്‍ട്ട് ലഭ്യമാകുമെന്നും, അത് സ്റ്റോപ് ലോസാക്കി 125-130 രൂപ ലക്ഷ്യവിലയില്‍ ഓഹരി വാങ്ങാമെന്നും ചോയ്സ് ബ്രോക്കിംഗിലെ സുമീത് ബഗാദിയ പറയുന്നു.
നിഷ്‌ക്രിയ ആസ്തി എആര്‍സിയിലേയ്ക്ക് മാറ്റിയതിന് പുറമെ ആര്‍ബിഐയുടെ നിരക്ക് വര്‍ധന ബാങ്കുകളെ തുണയ്ക്കുകയാണ്. അതുകൊണ്ടുതന്നെ ബാങ്ക് ഓഹരി മികച്ച നേട്ടമുണ്ടാക്കുമെന്നാണ് ജിസിഎല്‍ സെക്യൂരിറ്റീസിലെ രവി സിംഗാല്‍ പറയുന്നത്.
2008 ല്‍ സ്ഥാപിതമായ സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് 948.00 കോടി രൂപ വിപണി മൂല്യമുള്ള സ്‌മോള്‍ ക്യാപ്പ് കമ്പനിയാണ്. പലിശ, വായ്പ, ബില്ലുകള്‍, എന്നിവയാണ് പ്രധാന വരുമാന സ്രോതസ്സുകള്‍. ജൂണിലവസാനിച്ച പാദത്തില്‍ കമ്പനി 294.60 കോടി രൂപയുടെ വരുമാനം നേടി.
തൊട്ടുമുന്‍ പാദത്തേക്കാള്‍ 14..83 ശതമാനം കൂടുതലാണ് ഇത്. 7.75 കോടി രൂപയാണ് ബാങ്ക് രേഖപ്പെടുത്തിയ ലാഭം. 28.01 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാര്‍ കൈവശം വയ്ക്കുന്നു. 9.32 ശതമാനം ഓഹരികള്‍ വിദേശ നിക്ഷേപകരും 22.86 ശതമാനം ഓഹരികള്‍ ആഭ്യന്തര നിക്ഷേപകരും കൈയ്യാളുന്നു.