
മുക്കം: സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ ആനക്കാംപൊയിൽ-കളളാടി–മേപ്പാടി തുരങ്കപാത നിർമാണത്തിലെ സുപ്രധാന ചുവടുവയ്‌പായ പാറ തുരക്കൽ വെള്ളിയാഴ്ച തുടങ്ങും. പകൽ 11ന് ആനക്കാംപൊയിൽ മറിപ്പുഴ പദ്ധതി പ്രദേശത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്യും.
വയനാട് കള്ളാടി ഭാഗത്ത് മണ്ണ് കൂടുതൽ നീക്കാനുള്ളതിനാൽ അവിടെ തുരക്കൽ പിന്നീടാകും. ആദ്യം മറിപ്പുഴ സ്വർഗംകുന്ന് ഭാഗത്താണ് തുരക്കുന്നത്. ആസ്ട്രേലിയൻ സാങ്കേതികവിദ്യയിൽ കട്ട് ആൻഡ് കവർ രീതിയിലാണ് തുരക്കുക.
കൃത്യമായ അളവിലും ആഴത്തിലും റോക്ക് ഡ്രിൽ ബൂമറുകൾ ഉപയോഗിച്ചാണിത്. പാറ തുരക്കാനുള്ള റോക്ക് ഡ്രിൽ ബൂമർ അടക്കം യന്ത്രങ്ങൾ നേരത്തെ മുറിപ്പുഴയിൽ എത്തിച്ചു.
കിഫ്ബിയിൽ 2043 കോടി രൂപ ചെലവിലാണ് പാത നിർമാണം. കൊങ്കൺ റെയിൽ കോർപറേഷനാണ് നിർവഹണ ഏജൻസി.






