
ന്യൂഡൽഹി: സഹകരണ പോർട്ട്‌ഫോളിയോ കൈകാര്യം ചെയ്യുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നിക്ഷേപത്തിൽ 100 ശതമാനം വളർച്ച കൈവരിക്കാൻ സഹകരണ ബാങ്കുകളെ ആഹ്വനം ചെയ്തു.
“അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നമ്മുടെ നിക്ഷേപം 5.5 ലക്ഷം കോടിയിൽ നിന്ന് 11 ലക്ഷം കോടിയായി ഇരട്ടിയാക്കേണ്ടതുണ്ട്. ഭാവിയിലെ വിപുലീകരണത്തിനായി ഒരു പ്രൊഫഷണൽ വിലയിരുത്തൽ നടത്തേണ്ടതുണ്ട്,” ന്യൂഡൽഹിയിൽ നാഷണൽ ഫെഡറേഷൻ ഓഫ് അർബൻ കോഓപ്പറേറ്റീവ് ബാങ്ക് മീറ്റിംഗിൽ (NAFCUB) ഷാ ബാങ്ക് മേധാവികളോട് പറഞ്ഞു.
സഹകരണ മനോഭാവം സംരക്ഷിച്ചുകൊണ്ട് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകളെ ശക്തിപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനും ഒരു അപെക്സ് സമിതി അദ്ദേഹം നിർദേശിച്ചു. “ഇത് ഓരോ നഗരത്തിലും ഒരു യുസിബി (അർബൻ കോഓപ്പറേറ്റീവ് ബാങ്ക്) എന്ന കാഴ്ചപ്പാട് ഉറപ്പാക്കും. ഭവന നിർമ്മാണ മേഖലയിൽ NAFCUB മുൻകൈയെടുക്കണം. അപെക്സ് സമിതി പ്രധാനപ്പെട്ട ക്ലിയറിംഗ് ഹൗസായിരിക്കും,” അദ്ദേഹം പറഞ്ഞു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഒരു നഗരം-ഒരു യുസിബി എന്ന ലക്ഷ്യത്തെ അടിസ്ഥാനമാക്കി അർബൻ സഹകരണ ബാങ്കുകൾക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കാൻ മന്ത്രി സംഘടനയോട് അഭ്യർത്ഥിച്ചു. “നിങ്ങൾ അവസരം പ്രയോജനപ്പെടുത്തണം, അല്ലെങ്കിൽ സഹകരണ ബാങ്കിംഗ് ഒരു മരിക്കുന്ന മേഖലയാണെന്ന ധാരണ മാറ്റാൻ കഴിയില്ല,” അദ്ദേഹം പറഞ്ഞു.
യുസിബികൾക്കായി ഒരു ദേശീയ അപെക്സ് സമിതി രൂപീകരിക്കുന്നതിന് അടുത്തിടെ ആർബിഐ നൽകിയ അംഗീകാരം ഒരു നാഴികക്കല്ലാണെന്നും ഇന്ത്യയിലെ 1,514 യുസിബികൾക്ക് മികച്ച അവസരമാണെന്നും എൻഎഎഫ്‌സിയുബി പ്രസിഡന്റ് ജ്യോതീന്ദ്ര മേത്ത പറഞ്ഞു.
യുസിബികൾക്ക് അനുകൂലമായി എടുത്ത സുപ്രധാന തീരുമാനങ്ങൾക്ക് സംഘടന മന്ത്രിയെ അഭിനന്ദിച്ചു.