
മുകേഷ് അംബാനി കുടുംബം ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് റിപ്പോര്‍ട്ട്. റിലയന്‍സുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഫണ്ട് ശേഖരണം, മറ്റ് നിര്‍ണായക തീരുമാനം എന്നിവയ്ക്കായി ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ സുപ്രധാന തീരുമാനങ്ങളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചനയനുസരിച്ച് 10,000 കോടി രൂപയുടെ അടുത്ത് ജിയോഫിന്നില്‍ നിക്ഷേപിക്കാന്‍ അംബാനി കുടുംബം തയാറെടുക്കുന്നുവെന്നാണ് വിവരം. നിലവില്‍ കമ്പനിയില്‍ 47 ശതമാനം ഓഹരിപങ്കാളിത്തമാണ് അംബാനി കുടുംബത്തിനുള്ളത്.
കൂടുതല്‍ നിക്ഷേപം നടത്തുന്നതോടെ ഇത് 51 ശതമാനമായി ഉയരും. ഇതോടെ കമ്പനിയിലെ ഭൂരിപക്ഷം ഓഹരികളും മുകേഷ് അംബാനി കുടുംബത്തിന്റെ കീഴിലാകും. യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങള്‍, ഇക്വിറ്റി ഷെയര്‍ എന്നിവയിലൂടെ കൂടുതല്‍ തുക കണ്ടെത്താനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്.
പുതിയ മേഖലകളിലേക്ക് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസിനെ മുന്നോട്ടു നയിക്കാനാണ് കമ്പനിയുടെ പദ്ധതി. ഡിജിറ്റല്‍ ഫിനാന്‍സ്, പേയ്‌മെന്റ് സര്‍വീസ്, വായ്പ തുടങ്ങിയ മേഖലകളില്‍ നിക്ഷേപം നടത്താനും കമ്പനിക്ക് പദ്ധതിയുണ്ട്.
ഏപ്രില്‍-ജൂണ്‍ ആദ്യ പാദത്തില്‍ വരുമാനത്തിലും ലാഭത്തിലും നേട്ടമുണ്ടാക്കാന്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന് സാധിച്ചിരുന്നു. മുന്‍ വര്‍ഷം സമാനപാദത്തെ അപേക്ഷിച്ച് ലാഭത്തില്‍ നാലു ശതമാനം വര്‍ധനയുണ്ട്. ഈ പാദത്തിലെ ലാഭം 325 കോടി രൂപയാണ്. വര്‍ഷം വര്‍ഷം ഇതേ പാദത്തില്‍ 313 കോടി രൂപയായിരുന്നു. വരുമാനം 418 കോടി രൂപയില്‍ നിന്ന് 612 കോടിയായും ഉയര്‍ന്നു.
അംബാനി കുടുംബത്തില്‍ നിന്ന് കൂടുതല്‍ നിക്ഷേപം വന്നേക്കുമെന്ന വാര്‍ത്ത ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരികളെ ഇന്ന് രാവിലെ ഒരു ശതമാനത്തോളം ഉയര്‍ത്തി. പിന്നീട് ചെറുതായി താഴ്‌ന്നെങ്കിലും നേട്ടത്തിലൂടെയാണ് ഓഹരി കടന്നുപോകുന്നത്.
ഈ വര്‍ഷം മാര്‍ച്ചില്‍ 198 രൂപ വരെ താഴ്ന്ന ജിയോഫിന്‍ ഓഹരികള്‍ 52 ആഴ്ച്ചയിലെ ഉയര്‍ന്ന നിലയിലെത്തിയത് കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 27നാണ്. അന്ന് 363 രൂപ വരെ ഉയര്‍ന്നിരുന്നു.