
അമാഗി മീഡിയ ലാബ്‌സ് ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) ജനുവരി 13ന് ആരംഭിക്കും. ജനുവരി 16 വരെയാണ് ഈ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യാവുന്നത്. 343-361 രൂപയാണ് ഇഷ്യു വില. 41 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. ജനുവരി 19ന് ഓഹരികളുടെ അലോട്ട്‌മെന്റ് നടക്കും. ജനുവരി 21ന് ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ് ചെയ്യും.
1788 കോടി രൂപയാണ് അമാഗി മീഡിയ ലാബ്‌സ് ഐപിഒ വഴി സമാഹരിക്കുന്നത്. 816 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 972.6 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്) ഉള്‍പ്പെട്ടതാണ് ഐപിഒ. ഉയര്‍ന്ന ഇഷ്യു വിലയുടെ അടിസ്ഥാനത്തില്‍ 7800 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം. മീഡിയ കമ്പനികള്‍ക്ക് സാങ്കേതിക സഹായം നല്‍കുന്ന സാസ് കമ്പനിയാണ് അമാഗി മീഡിയ ലാബ്‌സ്.
ഐപിഒ വഴി സമാഹരിക്കുന്ന തുകയില്‍ 550 കോടി രൂപ കമ്പനി ക്ലൗഡ് ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ മെച്ചപ്പെടുത്തുന്നതിനും ഏറ്റെടുക്കലുകള്‍ക്കും പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും. നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്‌റ്റംബര്‍ വരെയുള്ള കാലയളവില്‍ 6.4 കോടി രൂപ ലാഭവും 704.8 കോടി രൂപ വരുമാനവുമാണ് കമ്പനി കൈവരിച്ചത്.
ഐപിഒയുടെ 75 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 10 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും മാറ്റിവെച്ചിരിക്കുന്നു.






