ന്യൂഡൽഹി: രാജ്യത്തെ മൂന്നാം നിര നഗരങ്ങളിലും അർദ്ധ നഗര പ്രദേശങ്ങളിലും പണ ശേഖരണ സംവിധാനം ഡിജിറ്റൈസ് ചെയ്യുന്നതിനായി എയർടെൽ പേയ്‌മെന്റ് ബാങ്ക് ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യ മേഖലാ ബാങ്കായ ആക്‌സിസ് ബാങ്കുമായി സഹകരിച്ചു. എയർടെൽ പേയ്മെന്റ്സ് ബാങ്ക് അതിന്റെ ഡിജിറ്റൽ നേതൃത്വത്തിലുള്ള ബാങ്കിംഗ് മോഡലിന്റെ വിപുലമായ വ്യാപ്തി ഉപയോഗിച്ച് ആക്‌സിസ് ബാങ്കിനെ പിന്തുണയ്‌ക്കുകയും അവസാന മൈൽ ക്യാഷ് കളക്ഷനുകളുടെ ഡിജിറ്റലൈസെഷനു സഹായിക്കുകയും പേയ്‌മെന്റ് സൈക്കിൾ വേഗത്തിലാക്കുകയും ചെയ്യും. ലാസ്റ്റ് മൈൽ ക്യാഷ് കളക്ഷൻ ഡിജിറ്റലൈസേഷനായി ആക്സിസ് ബാങ്കുമായി കൈകോർത്തതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്നും, മുഴുവൻ ശൃംഖലയും ഡിജിറ്റൈസ് ചെയ്യുന്നതിലൂടെ പണത്തിന്റെ അപകടസാധ്യത ലഘൂകരിക്കുന്നതായും എയർടെൽ പേയ്മെന്റ്സ് ബാങ്ക് പറഞ്ഞു.
അടുത്തുള്ള ഏത് എയർടെൽ പേയ്‌മെന്റ് ബാങ്ക് ഔട്ട്‌ലെറ്റിലും തുക നിക്ഷേപിക്കാമെന്നതിനാൽ, ശേഖരിച്ച ഇഎംഐ തുക നിക്ഷേപിക്കാൻ ആക്‌സിസ് ബാങ്കിന്റെ ഏജന്റുമാർക്ക് ഇനി ബ്രാഞ്ച് സന്ദർശിക്കേണ്ടതില്ല, കൂടാതെ ഈ തുക ഉടൻ ആക്‌സിസ് ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടുകയും ചെയ്യും. എയർടെൽ പേയ്മെന്റ്സ് ബാങ്ക് ഔട്ട്‌ലെറ്റുകൾ പരമ്പരാഗത ബാങ്കിംഗ് സമയങ്ങൾക്കപ്പുറത്തും വാരാന്ത്യങ്ങളിലും പ്രവർത്തിക്കുന്നതിനാൽ ശേഖരിച്ച പണം ദീർഘദൂരത്തേക്ക് കൊണ്ടുപോകുന്ന ഏജന്റുമാരുടെ അപകടസാധ്യതയെ ഈ പ്രക്രിയ ലഘൂകരിക്കും.
ഈ സഹകരണത്തിലൂടെ താമസിയാതെ എയർടെൽ പേയ്‌മെന്റ് ബാങ്കിന്റെ 5,00,000 ബാങ്കിംഗ് പോയിന്റുകളിൽ ആക്‌സിസ് ബാങ്ക് ഉപഭോക്താക്കൾക്ക് വായ്പാ പേയ്‌മെന്റുകൾക്കായി നേരിട്ട് ഇഎംഐ നിക്ഷേപം നടത്താനാകും.