
ന്യൂഡൽഹി: ഇന്ത്യന്‍ വ്യോമയാന വ്യവസായം നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ഇരട്ടി നഷ്ടം നേരിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ പ്രാദേശിക വ്യോമയാന മേഖലയുടെ നഷ്ടം 9,500 മുതല്‍ 10,500 കോടി രൂപ വരെ ആകുമെന്നാണ് റേറ്റിംഗ് ഏജന്‍സിയായ ഐ.സി.ആര്‍.എയുടെ റിപ്പോര്‍ട്ട്.
യാത്രക്കാരുടെ എണ്ണത്തില്‍ കാര്യമായ വളര്‍ച്ചയുണ്ടാകാത്തതും പുതിയ വിമാനങ്ങള്‍ വാങ്ങിയതുമാണ് കമ്പനികളുടെ നഷ്ടം ഉയര്‍ത്തിയതെന്നാണ് വിലയിരുത്തല്‍. തദ്ദേശീയ യാത്രക്കാരുടെ എണ്ണത്തില്‍ 4-6 ശതമാനം വരെ വളര്‍ച്ചയുണ്ടാകുമെങ്കിലും കാര്യമായ സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ (2024-25) 5,500 കോടി രൂപയുടെ നഷ്ടമാണ് വിപണിക്കുണ്ടായത്. ഇക്കുറി ഇരട്ടിയാകും. എന്നാല്‍ 2021-22, 2022-23 കാലഘട്ടത്തില്‍ നേരിട്ട നഷ്ടത്തേക്കാള്‍ കുറവായിരിക്കും ഇത്. ഈ വര്‍ഷങ്ങളില്‍ യഥാക്രമം 21,600 കോടി രൂപയും 17,900 കോടി രൂപയും നഷ്ടമുണ്ടായിരുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 7.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. യാത്രക്കാരുടെ എണ്ണം 16.53 കോടി രൂപയായി വര്‍ധിക്കുകയും ചെയ്തു. എന്നാല്‍ ഇക്കുറി യാത്രക്കാരുടെ എണ്ണത്തിലും കാര്യമായ നേട്ടമുണ്ടാകില്ല. അതിര്‍ത്തിയിലെ സംഘര്‍ഷം, ആഗോള പ്രതിസന്ധി, അഹമ്മദാബാദ് വിമാന ദുരന്തം എന്നിവ തിരിച്ചടിയായി.
ഇക്കൊല്ലം ഒക്ടോബറില്‍ പ്രാദേശിക യാത്രക്കാരുടെ എണ്ണം 1.43 കോടി രൂപയായി വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ 4.5 ശതമാനവും സെപ്റ്റംബറിനേക്കാള്‍ 12.9 ശതമാനവും വളര്‍ച്ചയാണിത്. വിമാനങ്ങളുടെയും സര്‍വീസുകളുടെയും എണ്ണം വര്‍ധിപ്പിച്ചതാണ് ഇതിനുള്ള കാരണം.
ഒക്‌ടോബറില്‍ ഏതാണ്ട് 99,816 സര്‍വീസുകളാണ് ഓപ്പറേറ്റ് ചെയ്തതെന്നാണ് കണക്കുകള്‍ പറയുന്നത്.






