
കണ്ണൂർ: അവധിനാളുകളിൽ പതിവുള്ളതുപോലെ ഇത്തവണയും വിമാനടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികള്‍.
ഗള്‍ഫിലെ അവധിയും ഓണക്കാലവും ലക്ഷ്യമിട്ടാണ് നീക്കം. ഇനി ഓണക്കാലം കഴിയുന്നതുവരെ ടിക്കറ്റ് നിരക്ക് ഉയർന്നുനില്‍ക്കും. ഗള്‍ഫിലെ സ്കൂള്‍ അവധിക്കാലം കഴിഞ്ഞ് തിരിച്ചുപോകുന്ന പ്രവാസികളെ പിഴിയാൻ നിരക്കില്‍ മൂന്നിരട്ടിയോളം വർധനയാണ് വരുത്തിയത്.
ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളില്‍ ടിക്കറ്റ് നിരക്ക് മൂന്നും നാലും ഇരട്ടിയാക്കി ഉയർത്തുന്നത് പതിവാണ്. സാധാരണമായി 8000 മുതല്‍ 12000 രൂപയ്ക്ക് വരെ ലഭ്യമാകുന്ന ഗള്‍ഫിലേക്കുള്ള ടിക്കറ്റിന് ഇപ്പോള്‍ 30,000 മുതല്‍ 50,000 രൂപ വരെ നല്‍കണം.
നാട്ടിലെത്തിയ നാലംഗ കുടുംബത്തിന് തിരിച്ചുപോകാൻ രണ്ടുലക്ഷം രൂപയോളം ചെലവാകും. ഓണം സീസണ്‍ കണക്കിലെടുത്ത് സെപ്റ്റംബറില്‍ നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്കും കുത്തനെ ഉയരും. ക്രിസ്മസ്, പുതുവർഷ സീസണുകളിലും ഉയർന്ന യാത്രാനിരക്ക് ഈടാക്കാറുണ്ട്.
കേരളത്തിലെ മറ്റു വിമാനത്താവളങ്ങളേക്കാള്‍ സർവീസുകള്‍ കുറവായതിനാല്‍ കണ്ണൂരില്‍നിന്നുള്ള യാത്രയ്ക്ക് കൂടുതല്‍ തുക ചെലവാകും. കണ്ണൂരില്‍നിന്ന് ജിദ്ദയിലേക്ക് ഓഗസ്റ്റ് 30-ന്റെ യാത്രാനിരക്ക് 66,000 രൂപയാണ്.
കണ്ണൂരില്‍നിന്ന് ദുബായ്, ഷാർജ സെക്ടറുകളിലേക്ക് എയർഇന്ത്യ എക്സ്പ്രസ് മാത്രമാണ് സർവീസ് നടത്തുന്നത്. ദോഹ, മസ്കറ്റ്, അബുദാബി എന്നിവിടങ്ങളിലേക്ക് എയർഇന്ത്യ എക്സ്പ്രസിനും ഇൻഡിഗോയ്ക്കും സർവീസുകളുണ്ട്.
ഉത്സവ സീസണുകളില്‍ അനിയന്ത്രിതമായി വിമാനയാത്രാനിരക്ക് വർധിപ്പിക്കുന്നത് തടയാൻ നടപടി വേണമെന്ന് സംസ്ഥാന സർക്കാരും എംപിമാരും പലതവണ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.






