
മുംബൈ: ആഭ്യന്തര, അന്താരാഷ്‌ട്ര പ്രവർത്തനങ്ങൾ വർധിപ്പിക്കാൻ പദ്ധതിയുമായി എയർ ഇന്ത്യ. പദ്ധതിയുടെ ഭാഗമായി 30 പുതിയ വിമാനങ്ങൾ സ്വന്തമാക്കാൻ കമ്പനി ഉദ്ദേശിക്കുന്നു. നിലവിലുള്ള ഫ്ളീറ്റിൽ 25 എയർബസ് നാരോ ബോഡിയും 5 ബോയിംഗ് വൈഡ് ബോഡി വിമാനങ്ങളും ഉൾപ്പെടുത്താൻ എയർ ഇന്ത്യ പദ്ധതിയിട്ടിട്ടുണ്ട്.
2022 അവസാനം മുതൽ സർവീസിൽ പ്രവേശിക്കുന്ന 25 എയർബസ് നാരോ ബോഡി, 5 ബോയിംഗ് വൈഡ് ബോഡി എയർക്രാഫ്റ്റുകൾക്കുള്ള വാടക കരാറുകളിൽ എയർ ഇന്ത്യ ഒപ്പുവച്ചിട്ടുണ്ട്. ഇത് എയർലൈനിന്റെ ശേഷി 25 ശതമാനത്തിലധികം വർധിപ്പിക്കും. ഈ വർഷം ആദ്യം ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യ ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യത്തെ വലിയ ശേഷി വിപുലീകരണമാണ് ഇത്.
ഇരുപത്തിയൊന്ന് എയർബസ് എ 320 നിയോസ്, നാല് എയർബസ് എ 321 നിയോസ്, അഞ്ച് ബോയിംഗ് ബി 777-200 എൽആർ എന്നിവ പാട്ടത്തിനെടുക്കുന്ന വിമാനങ്ങളിൽ ഉൾപ്പെടുന്നു. നാല് എ 321 വിമാനങ്ങൾ 2023 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ലഭിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. അതേസമയം 21 എ 320 വിമാനങ്ങൾ 2023 രണ്ടാം പകുതിയിൽ ലഭിക്കും.
ആഭ്യന്തര സെക്ടറുകളിലും ഹ്രസ്വദൂര അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലും ഈ വിമാനങ്ങൾ വിന്യസിക്കുമെന്ന് എയർ ഇന്ത്യ വക്താവ് പറഞ്ഞു. എയർ ഇന്ത്യയുടെ നാരോ ബോഡി ഫ്ലീറ്റിൽ നിലവിൽ 70 വിമാനങ്ങളുണ്ട്, അതിൽ 54 എണ്ണം സർവീസ് നടത്തുന്നുണ്ട്; ശേഷിക്കുന്ന 16 വിമാനങ്ങൾ 2023-ന്റെ തുടക്കത്തോടെ ക്രമാനുഗതമായി സർവീസ് ആരംഭിക്കും. അതുപോലെ, എയർ ഇന്ത്യയുടെ വൈഡ്-ബോഡി ഫ്ലീറ്റിൽ നിലവിൽ 43 വിമാനങ്ങളുണ്ട്, അതിൽ 33 എണ്ണം പ്രവർത്തനക്ഷമമാണ്. ബാക്കിയുള്ളവ 2023-ന്റെ തുടക്കത്തോടെ സർവീസിൽ തിരിച്ചെത്തും.






