
ന്യൂഡല്‍ഹി: എയര്‍ ബസ്, ബോയിംഗ്- എയര്‍ ഇന്ത്യ കരാര്‍ വീണ്ടും വാര്‍ത്താ പ്രാധാന്യം നേടുന്നു. 370 വിമാനങ്ങള്‍ കൂടി ഡീലില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചതോടെയാണ് ഇത്. നേരത്തെ 470 വിമാനങ്ങളുടെ റെക്കോര്‍ഡ് ഓര്‍ഡറാണ് കമ്പനി, വിമാന നിര്‍മ്മാതാക്കള്‍ക്ക് നല്‍കിയിരുന്നത്.
470 എയര്‍ ക്രാഫ്റ്റുകള്‍ക്ക് പുറമെ 370 ഓപ്ഷനല്‍ വാങ്ങല്‍ അവകാശങ്ങളും ഓര്‍ഡറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ ചീഫ് കൊമേഴ്‌സ്യല്‍ ആന്‍ഡ് ട്രാന്‍സ്‌ഫോര്‍മേഷന്‍ ഓഫീസര്‍ നിപുണ്‍ അഗര്‍വാള്‍ ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍ അറിയിക്കുന്നു. “എയര്‍ബസ് ഫേം ഓര്‍ഡറില്‍ 210 എ-320/321 നിയോ / എക്‌സ്എല്‍ആര്‍, 40 എ350-900/1000 എന്നിവ ഉള്‍പ്പെടുന്നു. ബോയിംഗ് കമ്പനിയുടെ ഓര്‍ഡറില്‍ 190 737-മാക്‌സ്, 20 787, 10 777 എന്നിവയും ഉള്‍പ്പെടുന്നു,” നിപുണ്‍ പറഞ്ഞു.
വാണിജ്യ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ജെറ്റ്‌ലൈനര്‍ വാങ്ങല്‍ കരാറില്‍ എയര്‍ ഇന്ത്യ ലിമിറ്റഡും എയര്‍ബസ് എസ്ഇയും ബോയിംഗും കഴിഞ്ഞയാഴ്ചയാണ് ഒപ്പുവച്ചത്. ഇന്ധന ക്ഷമതയുള്ള ഫ്ളീറ്റ് ഉപയോഗിച്ച് കുറഞ്ഞചെലവില്‍ സര്‍വീസ് നടത്താമെന്ന് എയര്‍ ഇന്ത്യ കണക്കുകൂട്ടുന്നു. ഇത് വഴി എമിറേറ്റ്സ് പോലുള്ള ശക്തമായ ഗള്‍ഫ് എയര്‍ലൈനുകളുമായുള്ള മത്സരം ലഘൂകരിക്കാം.
അതേസമയം എയര്‍ബസിനും ബോയിംഗിനും കരാര്‍ നേട്ടമാണ്.രാജ്യത്തെ ബജറ്റ് കാരിയറുകളുടെ വര്‍ദ്ധനവ് നിര്‍മ്മാതാക്കള്‍ക്ക് വലിയ തോതില്‍ പ്രയോജനം ചെയ്തിട്ടുണ്ട്. 2019-ല്‍, എയര്‍ബസ്, 300 നാരോബോഡി വിമാനങ്ങള്‍ ഇന്ത്യന്‍ ബജറ്റ് കാരിയറായ ഇന്‍ഡിഗോയ്ക്ക്, നല്‍കിയിരുന്നു.
33 ബില്യണ്‍ ഡോളറിന്റേതായിരുന്നു ഇടപാട്.വിമാന നിര്‍മ്മാതാവിന്റെ എക്കാലത്തെയും വലിയ ഡീലുകളില്‍ ഒന്നായിരുന്നു അത്. എയര്‍ ഇന്ത്യയ്ക്ക് വേണ്ടി കൂടി നാരോബോഡി പ്രദാനം ചെയ്യുമ്പോള്‍ ഈ രംഗത്തെ തങ്ങളുടെ സ്ഥാനം അരക്കിട്ടുറപ്പിക്കുകയാണ് എയര്‍ബസ്.
അതേസമയം വൈഡ് ബോഡ് സ്പേസില്‍ ബോയിംഗ്, തങ്ങളുടെ ചരിത്രപരമായ മേധാവിത്തം നിലനിര്‍ത്തുന്നു.