
ന്യൂഡല്‍ഹി: പുതിയ 300 വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി എയര്‍ ഇന്ത്യ. ഇതിനായി ബോയിംഗ്, എയര്‍ബസ് ഉദ്യോഗസ്ഥരുമായി കാരിയര്‍ ചര്‍ച്ചകള്‍ നടത്തി. പ്രവര്‍ത്തനങ്ങള്‍ നവീനമാക്കുന്നതിന്റെയും ആഗോള സാന്നിധ്യം ശക്തമാക്കുന്നതിന്റെയും ഭാഗമാണിത്.
നിര്‍ദ്ദിഷ്ട ഓര്‍ഡറില്‍ 200 നാരോ ബോഡി എയര്‍ക്രാഫ്റ്റുകളും 80-100 വൈഡ് ബോഡി ജെറ്റുകളും ഉള്‍പ്പെടുന്നു. നാരോ ബോി ഹ്രസ്വ, മധ്യദൂര യാത്രകള്‍ക്കും വൈഡ് ബോഡി ദീര്‍ഘദൂര യാത്രകള്‍ക്കുമാണ് ഉപയോഗപ്പെടുത്തുന്നത്. 200 നാരോ ബോഡി ജെറ്റുകളും 25-30 വൈഡ് ബോഡി എയര്‍ക്രാഫ്റ്റുകളും വാങ്ങുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഓര്‍ഡര്‍ വിപുലീകരിക്കാന്‍ ഇപ്പോള്‍ എയര്‍ ഇന്ത്യ തയ്യാറായി. യാഥാര്‍ത്ഥ്യമായാല്‍ സമീപകാല ഡീലുകളില്‍ ഏറ്റവും വലുതായിരിക്കും അത്. ടാറ്റ ഗ്രൂപ്പിന് കീഴില്‍, അത്യാധുനിക, മത്സരക്ഷമതയുള്ള ആഗോള എയര്‍ലൈനായി വളരാനാണ് എയര്‍ഇന്ത്യ ശ്രമം.വൈഡ് ബോഡികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത് കൂടുതല്‍ അന്തര്‍ദ്ദേശീയ റൂട്ടുകള്‍ സ്വായത്തമാക്കാനും യാത്രാ അനുഭവം ഉയര്‍ത്താനും ഇന്ധന ക്ഷമത വര്‍ദ്ധിപ്പിക്കാനും സഹായിക്കും.
മാത്രമല്ല, ഈയിടെ 260 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് ദുരന്തത്തിന് ശേഷം ഫ്‌ലീറ്റ് നവീകരിക്കപ്പെടണമെന്ന ആവശ്യം ശക്തമാണ്. ഇതിനായി യാത്രക്കാരും സംഘടനകളും എയര്‍ഇന്ത്യയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു.