4 രാജ്യങ്ങളിലേക്ക് ഉള്ളി കയറ്റുമതിക്ക് അനുമതിഎണ്ണവില കുറയാനുള്ള സാധ്യത മങ്ങുന്നുക്രൂഡ് ഓയില്‍ ഇറക്കുമതി 21 മാസത്തെ ഉയര്‍ന്ന നിലയില്‍സർക്കാരിന്റെ ആണവോർജ പദ്ധതിയിൽ വമ്പന്മാർ ഭാഗമായേക്കുംസംരംഭകരായി സ്ത്രീകള്‍ വരുന്നത് സന്തോഷം: മുഖ്യമന്ത്രി

ഓണ്‍ലൈന്‍ കാര്‍ഷികോത്പന്ന കച്ചവടം ₹75,000 കോടി കടന്നു

ന്യൂഡൽഹി: കര്‍ഷകര്‍ക്കും കര്‍ഷക കൂട്ടായ്മകള്‍ക്കും (ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍സ്/ എഫ്.പി.ഒ) വ്യാപാരികള്‍ക്കും ഉത്പന്നങ്ങള്‍ക്ക് മികച്ച വില ഉറപ്പാക്കാനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഓണ്‍ലൈന്‍ വില്‍പന പ്ലാറ്റ്‌ഫോമായ ഇലക്ട്രോണിക് നാഷണല്‍ അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റ് (ഇ-നാം/e-NAM) വഴി കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടന്നത് 74,656 കോടി രൂപയുടെ വില്‍പന. 2021-22നേക്കാള്‍ 32 ശതമാനം അധികമാണിത്.

2016 ഏപ്രിലിലാണ് കേന്ദ്രസര്‍ക്കാര്‍ ഇ-നാമിന് തുടക്കമിട്ടത്. നിലവില്‍ സംസ്ഥാനങ്ങള്‍ക്ക് അകത്തും പുറത്തും കര്‍ഷകരും ഇടനിലക്കാരും ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

നടപ്പുവര്‍ഷം (2023-24) പ്ലാറ്റ്‌ഫോം വഴിയുള്ള വില്‍പന ഒരുലക്ഷം കോടി രൂപ കവിയുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ. 2020-21ല്‍ 31,366 കോടി രൂപയും 2021-22ല്‍ 56,497 കോടി രൂപയുമായിരുന്നു ഇ-നാം വിറ്റുവരവ്.

കഴിഞ്ഞവര്‍ഷം 18.6 മില്യണ്‍ ടണ്‍ കാര്‍ഷികോത്പന്നങ്ങളുടെ വില്‍പന ഇ-നാമില്‍ നടന്നു. 2021-22ലെ 13.2 മില്യണ്‍ ടണ്ണിനേക്കാള്‍ 41 ശതമാനമാണ് വര്‍ദ്ധന.

ഉത്തര്‍പ്രദേശ്, കശ്മീര്‍, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരും വ്യാപാരികളും വ്യാപകമായി കഴിഞ്ഞവര്‍ഷം സംസ്ഥാനാന്തര കച്ചവടത്തിന് ഇ-നാം ഉപയോഗിച്ചു.

ആപ്പിള്‍, ഉരുളക്കിഴങ്ങ്, കടുക്, ജീരകം, കടല, സോയാബീന്‍, റാഗി തുടങ്ങിയവയായിരുന്നു കൂടുതലും. കേരളം, ഒഡീഷ, ഝാര്‍ഖണ്ഡ്, മദ്ധ്യപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലേക്കായിരുന്നു മുഖ്യ വില്‍പന.

X
Top