
ന്യൂഡല്‍ഹി: കര്‍ണാടക വാണിജ്യ നികുതി വകുപ്പിന് പിന്നാലെ, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, തമിഴ്നാട്, ഗുജറാത്ത് എന്നീ നാല് സംസ്ഥാനങ്ങള്‍ കൂടി യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ആപ്പുകള്‍,പേയ്മെന്റ് അഗ്രഗേറ്ററുകള്‍ എന്നിവ വഴിയുള്ള വ്യാപാരികളുടെ വാര്‍ഷിക വിറ്റുവരവ് ആവശ്യപ്പെട്ടു.
പ്രതിവര്‍ഷം 40 ലക്ഷം രൂപയില്‍ കൂടുതല്‍ വിറ്റുവരവുള്ള വ്യാപാരികള്‍ക്ക് നോട്ടീസ് അയക്കുന്നതിന്റെ ഭാഗമായാണ് നീക്കം.
സര്‍ക്കാര്‍ ചട്ടങ്ങള്‍ അനുസരിച്ച്, പ്രതിവര്‍ഷം 40 ലക്ഷം രൂപയില്‍ കൂടുതല്‍ വിറ്റുവരവുള്ള എല്ലാ വ്യാപാരികളും ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്യണം. കര്‍ണ്ണാടക വാണിജ്യ നികുതി വകുപ്പ് ഇതിനോടകം നോട്ടീസുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. തുടര്‍ന്ന് പ്രതിഷേധ സൂചകമായി ചെറുകിട വ്യാപാരികള്‍ – പലവ്യഞ്ജനങ്ങള്‍, ബേക്കറികള്‍, ചായ, കോഫി ഷോപ്പുകള്‍ എന്നിവയുള്‍പ്പെടെ – ജൂലൈ 25 ന് സംസ്ഥാനവ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, വിറ്റുവരവ് വിശദീകരിക്കാന്‍ മാത്രമാണ് ജിഎസ്ടി നോട്ടീസുകള്‍ ആവശ്യപ്പെടുന്നതെന്നും ഉടനടി നികുതി അടയ്‌ക്കേണ്ടതില്ലെന്നും വാണിജ്യ നികുതി വകുപ്പ് അധികൃതര്‍ അറിയിക്കുന്നു. യുപിഐ ഇടപാടുകള്‍ക്ക് അവധി പറഞ്ഞ് വ്യാപാരികള്‍ പണമിടപാടുകള്‍ വര്‍ധിപ്പിക്കാനുള്ള സാധ്യതയാണ് ഇതുവഴി ഉരുത്തിരിഞ്ഞതെന്ന് ബാങ്കര്‍മാര്‍ പറഞ്ഞു.
രാജ്യത്തെ ഏറ്റവും ജനപ്രിയമായ ഡിജിറ്റല്‍ പേയ്മെന്റ് രീതിയായ യുപിഐ വഴി പ്രതിമാസം 18 ബില്യണിലധികം ഇടപാടുകള്‍ നടക്കുന്നു. ഏകദേശം 24 ലക്ഷം കോടി രൂപയുടേതാണ് ഇത്. രാജ്യത്ത് ഏകദേശം 40 കോടി യുപിഐ ഉപയോക്താക്കളുണ്ട്.
മാത്രമല്ല, യുപിഐ ഇടപാടുകളുടെ 63 ശതമാനവും വ്യാപാര പേയ്മെന്റുകളാണ്.