
ന്യൂഡൽഹി: തീരുവയുടെ കാര്യത്തിൽ വ്യക്തത ലഭിച്ച ശേഷം മാത്രം ഇടക്കാല വ്യാപാരക്കരാറുമായി മുന്നോട്ടുപോകാൻ ഇന്ത്യ. മാർച്ചിൽ കരാർ ഒപ്പിടാനാണ് ലക്ഷ്യമിട്ടിരുന്നത്.
തീരുവ ഘടന സംബന്ധിച്ച് വ്യക്തതയായ ശേഷമായിരിക്കും കരാർ ഒപ്പിടുകയെന്ന സൂചന കേന്ദ്ര വാണിജ്യസെക്രട്ടറി രാജേഷ് അഗൾവാൾ നൽകി. എന്നാൽ കരാറിൽ നിന്ന് പിന്നാക്കം പോയിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
യുഎസുമായുള്ള വ്യാപാരക്കരാറിൽ നിന്ന് മലേഷ്യ കഴിഞ്ഞ ദിവസം പിൻവാങ്ങിയിരുന്നു. ആദ്യമായാണ് ഒരു രാജ്യം യുഎസുമായുള്ള വ്യാപാരക്കരാർ അസാധുവാണെന്ന് പ്രഖ്യാപിച്ചത്.
മാർച്ചിൽ ഇടക്കാല വ്യാപാരക്കരാർ ഒപ്പിട്ട് ഏപ്രിലിൽ പ്രാബല്യത്തിലാക്കാനായിരുന്നു ഇന്ത്യയുടെയും യുഎസിന്റെയും ശ്രമം. പകരംതീരുവ തന്നെ ഇല്ലാതായതോടെ പഴയ അതേ രീതിയിൽ കരാറുമായി മുന്നോട്ടുപോകാൻ കഴിഞ്ഞേക്കില്ല.
എന്നാൽ, നൽകിയ വാഗ്ദാനങ്ങളിൽ നിന്ന് ഇന്ത്യ പിന്നാക്കം പോയാൽ ട്രംപിന്റെ പ്രതികരണമെന്തായിരിക്കുമെന്നും വ്യക്തമല്ല. ഇന്ത്യ എന്തുനിലപാട് എടുക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.






