
ന്യൂഡല്‍ഹി: 5,000 കോടി രൂപ മുതല്‍മുടക്കില്‍ ബ്രാന്‍ഡഡ് ജ്വല്ലറി റീട്ടെയില്‍ ബിസിനസ് ആരംഭിക്കുകയാണ്
ആദിത്യ ബിര്‍ള ഗ്രൂപ്പ്. നോവല്‍ ജുവല്‍സ് എന്ന് പേരിട്ടിരിക്കുന്ന സംരഭം ഇന്ത്യയിലുടനീളം റീട്ടെയില്‍ സ്റ്റോറുകള്‍ തുറക്കും. വലിയ ഫോര്‍മാറ്റിലുള്ള സ്‌റ്റോറുകളില്‍ എക്‌സ്‌ക്ലുസീവ് ആഭരണങ്ങളായിരിക്കും ലഭ്യമാക്കുക.
പ്രദേശിക അഭിരുചിയില്‍ മികച്ച ഡിസൈനോടുകൂടിയ ദേശീയ ബ്രാന്‍ഡ് സൃഷ്ടിക്കുമെന്ന് നോവല്‍ ജുവല്‍സ് അധികൃതര്‍ പറയുന്നു. ഇതുവഴി ഉപഭോക്താക്കളെ പരിവര്‍ത്തനം ചെയ്യും. ടൈറ്റന്‍, കല്യാണ്‍ ജുവല്ലേഴ്‌സ് തുടങ്ങിയ കമ്പനികളാണ് നോവല്‍ ജുവല്‍സിന് എതിരാളികള്‍.
പെയിന്റ്‌സ്, നിര്‍മ്മാണ സാമഗ്രികള്‍ക്കായുള്ള ബി 2 ബി ഇ-കൊമേഴ്‌സ് എന്നിവയ്ക്ക് ശേഷം രണ്ട് വര്‍ഷത്തിനുള്ളില്‍ ആദിത്യ ബിര്‍ള ഗ്രൂപ്പ് ആരംഭിക്കുന്ന മൂന്നാമത്തെ സംരഭമാണിത്. വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ ബിസിനസ് കെട്ടിപടുക്കുന്നതെന്നും ബ്രാന്‍ഡഡ് ജ്വല്ലറി റീട്ടെയിലേയ്ക്കുള്ള പ്രവേശനവും സമാന തീരിയിലാണെന്നും ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗലം ബിര്‍ള പറഞ്ഞു.
ജിഡിപിയുടെ ഏകദേശം 7 ശതമാനം സംഭാവന ചെയ്യുന്ന മേഖലയാണ് ഇന്ത്യയില്‍ രത്‌ന, ആഭരണ വിപണി. 2025 ഓടെ വിപണി മൂല്യം 90 ബില്യണ്‍ ഡോളറാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.