പാൽ സംഭരണത്തിൽ 14% വർധനവ് നേടി മിൽമസതേൺ ഡെയറി ഫുഡ് കോൺക്ലേവ് ജനുവരിയിൽരാജ്യത്ത് പുതിയ വാടക കരാർ നിയമം നിലവില്‍വന്നുറഷ്യൻ എണ്ണയുടെ ഇറക്കുമതി മൂന്നുവർഷത്തെ താഴ്ന്ന നിലയിലേക്ക്ക്രൂഡ് ഓയില്‍ വില 2027ല്‍ വെറും $30 ഡോളറാകുമെന്ന് ജെപി മോര്‍ഗന്‍

അദാനിയുടെ പതിനായിരം കോടിയുടെ പദ്ധതി പ്രതിസന്ധിയില്‍

മുംബൈ: ആഗോളതലത്തിലെ അസംസ്‌കൃത വസ്തു ക്ഷാമത്തില്‍ കുടുങ്ങി ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള ഗുജറാത്തിലെ കൂറ്റന്‍ ചെമ്പ് ശുദ്ധീകരണശാലയായ കച്ച് കോപ്പര്‍ . 1.2 ബില്യണ്‍ ഡോളര്‍ (ഏകദേശം 10,000 കോടി രൂപ) മുടക്കി നിര്‍മ്മിച്ച പ്ലാന്റിന് ആവശ്യമായ ചെമ്പ് അയിര് (കോപ്പര്‍ ഓര്‍) കിട്ടാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

പ്രതിവര്‍ഷം 500,000 ടണ്‍ ചെമ്പ് ശുദ്ധീകരിക്കാന്‍ ശേഷിയുള്ള കച്ച് കോപ്പര്‍ ലിമിറ്റഡ് എന്ന ഈ പ്ലാന്റ് ജൂണിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍, നിലവില്‍ ശേഷിയുടെ പത്തിലൊന്ന് അസംസ്‌കൃത വസ്തുക്കള്‍ മാത്രമാണ് ഇവിടെ എത്തിയിട്ടുള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഒക്ടോബര്‍ വരെയുള്ള 10 മാസത്തിനിടെ ഏകദേശം 147,000 ടണ്‍ ചെമ്പ് അയിര് മാത്രമാണ് കച്ച് കോപ്പര്‍ ഇറക്കുമതി ചെയ്തത്. ഇതേ കാലയളവില്‍, ഈ മേഖലയിലെ പ്രധാന എതിരാളികളായ ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 10 ലക്ഷം ടണിലധികം അയിര് വാങ്ങിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്ലാന്റിന് പൂര്‍ണ്ണമായി പ്രവര്‍ത്തിക്കാന്‍ ഏകദേശം 16 ലക്ഷം ടണ്‍ അയിര് ആവശ്യമാണ്.

ക്ഷാമത്തിന് പിന്നിലെ കാരണം
ആഗോളതലത്തില്‍ ചെമ്പ് അയിരിന്റെ ലഭ്യത കുറഞ്ഞതാണ് അദാനിയുടെ പ്ലാന്റിന് തിരിച്ചടിയായത്. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്:
ഖനികളിലെ തടസ്സം: ഫ്രീപോര്‍ട്ട്-മക്‌മോറാന്‍, ഹഡ്‌ബേ മിനറല്‍സ്, ഐവാന്‍ഹോ മൈന്‍സ്, ചിലിയുടെ കോഡെല്‍ക്കോ പോലുള്ള പ്രമുഖ ചെമ്പ് ഖനികളില്‍ ഈ വര്‍ഷം പലതവണ ഉല്‍പ്പാദനം തടസ്സപ്പെട്ടു.

ചൈനയുടെ വര്‍ദ്ധിച്ച ആവശ്യം: ചൈന ചെമ്പ് ശുദ്ധീകരണശാലകളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നത് ആഗോള വിപണിയില്‍ അസംസ്‌കൃത വസ്തുക്കള്‍ക്ക് കടുത്ത മത്സരം സൃഷ്ടിക്കുന്നു.

കച്ച് കോപ്പര്‍ പോലുള്ള പുതിയ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വലിയ വെല്ലുവിളിയാണ്. അസംസ്‌കൃത വസ്തുക്കള്‍ ലഭിക്കാന്‍ കടുത്ത മത്സരം നേരിടേണ്ടി വരുമ്പോള്‍ ഉല്‍പ്പാദനം തുടങ്ങാനുള്ള സമയം വൈകുകയും പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാനുള്ള ചെലവ് കൂടുകയും ചെയ്യും.

കച്ച് കോപ്പര്‍ പ്ലാന്റിന്റെ ഈ പ്രതിസന്ധി ലോഹ ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ്. അതേ സമയം കച്ച് കോപ്പറിന് ബിഎച്ച്പി ഗ്രൂപ്പ് 4,700 ടണ്‍ അയിര് നല്‍കിയിട്ടുണ്ട്.

കൂടാതെ ഗ്ലെന്‍കോര്‍, ഹഡ്‌ബേ പോലുള്ള കമ്പനികളില്‍ നിന്നും അയിര് ഇറക്കുമതി ചെയ്തിട്ടുണ്ട്. കച്ച് കോപ്പര്‍ ലിമിറ്റഡ് നാല് വര്‍ഷത്തിനുള്ളില്‍ ഉല്‍പ്പാദന ശേഷി പ്രതിവര്‍ഷം 10 ലക്ഷം ടണ്ണായി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നുണ്ട്.

X
Top