
തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളില്‍ ആഡംബര ഹോട്ടല്‍ വരുന്നു. 136 കോടി രൂപ ചെലവില്‍ ഹോട്ടല്‍ നിര്‍മിക്കാന്‍ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കി.8,000 ചതുരശ്ര അടിയില്‍ 240 റൂമുകളുള്ള ഹോട്ടല്‍ നിര്‍മിക്കാനാണ് പദ്ധതി. അദാനി ഗ്രൂപ്പിന് കീഴിലുള്ള വിമാനത്താവളത്തിലെ നിലവിലുള്ള പാര്‍ക്കിംഗ് ഏരിയയിലാണ് ആധുനിക സൗകര്യങ്ങളുള്ള ഹോട്ടല്‍ വരുന്നത്.
നവീകരണത്തിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ 1,300 കോടി രൂപയുടെ സിറ്റി സൈഡ് ഡവലപ്മെന്റ് അദാനി ഗ്രൂപ്പ് നടത്തിവരികയാണ്. ഇതിന്റെ ഭാഗമായാണ് ചാക്കയിലുള്ള അന്താരാഷ്ട്ര ടെര്‍മിലിന് മുന്‍വശത്ത് ഹോട്ടല്‍ നിര്‍മിക്കുന്നത്. ഈ ഭൂമി 2021ല്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് 2021ല്‍ അദാനി ഗ്രൂപ്പിന് കൈമാറിയത്.
വിമാനത്താവളത്തിന്റെ പരിസരമായതിനാല്‍ ഉയരമുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ ഇവിടെ നിയന്ത്രണങ്ങളുണ്ട്. അതിനാല്‍ അഞ്ച് നിലകളിലായിരിക്കും കെട്ടിട നിര്‍മാണം. രണ്ട് നിലകളിലായി ഭൂഗര്‍ഭ പാര്‍ക്കിംഗ് സൗകര്യവും ഒരുക്കും. ഹോട്ടലിന്റെ ആവശ്യത്തിനായി ഒരു സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റും ഇതിനുള്ളില്‍ തന്നെ നിര്‍മിക്കും.
240 മുറികളുള്ള ഹോട്ടലിന് പുറമെ 660 സീറ്റുകളുള്ള കണ്‍വെന്‍ഷന്‍ സെന്ററും റസ്റ്റോറന്റ് അടക്കമുള്ള സംവിധാനങ്ങളുമുണ്ടാകും. യാത്രക്കാര്‍ക്ക് മികച്ച ഷോപ്പിംഗ് അവസരം ഒരുക്കുന്ന കൊമേഷ്യല്‍ കോംപ്ലക്സും ഇതിനുള്ളില്‍ ഒരുക്കാനാണ് അദാനി ഗ്രൂപ്പിന്റെ പദ്ധതി. ഹോട്ടല്‍ നിര്‍മാണത്തിനായി വിമാനത്താവള പരിസരത്തെ 40 മരങ്ങള്‍ മാറ്റി സ്ഥാപിക്കാനും കേന്ദ്രപരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്.
മൂന്ന് വര്‍ഷം കൊണ്ട് ഹോട്ടലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. മൂന്ന് മാസത്തിനുള്ളില്‍ കരാര്‍ നല്‍കും. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ 300 പേര്‍ക്ക് നേരിട്ടും 900 പേര്‍ക്ക് അല്ലാതെയും തൊഴില്‍ ലഭിക്കും. വിമാനയാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ക്കൊപ്പം സംസ്ഥാനത്തിന്റെ ടൂറിസം രംഗത്തും പുത്തനുണര്‍വാകാന്‍ ഹോട്ടലിന് കഴിയുമെന്നാണ് കരുതുന്നത്.
യാത്രക്കാര്‍ക്കും വിമാന ജീവനക്കാര്‍ക്കും വിമാനത്താവളത്തിന് അടുത്ത് തന്നെ താമസിക്കാം. വിമാനം വൈകുകകയോ മറ്റോ ചെയ്താല്‍ യാത്രക്കാരെ ഇങ്ങോട്ട് മാറ്റുകയും ചെയ്യാം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് അടുത്തായതിനാല്‍ തുറമുഖത്തെത്തുന്ന കപ്പലുകളിലെ ജീവനക്കാര്‍ക്കും ഹോട്ടല്‍ സൗകര്യം ഉപയോഗിക്കാനാകും.
അടുത്തിടെ വിഴിഞ്ഞം തുറമുഖത്ത് ഇമിഗ്രേഷന്‍ കൗണ്ടര്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതോടെ തുറമുഖത്ത് ക്രൂചേഞ്ച് ഓപ്പറേഷന്‍ അടക്കമുള്ളവ ആരംഭിക്കാനും കഴിയും.






