
ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിന്റെ വിമാനത്താവളക്കമ്പനിയായ അദാനി എയർപോർട് ഹോൾഡിങ്സ് ലിമിറ്റഡും ഓഹരി വിറ്റഴിച്ച് മൂലധന സമാഹരണത്തിന് ഒരുങ്ങുന്നു. രാജ്യാന്തര നിക്ഷേപക സ്ഥാപനങ്ങൾക്ക് നിശ്ചിത ഓഹരികൾ വിറ്റഴിച്ച് 100 കോടി ഡോളർ വരെ (ഏകദേശം 8,600 കോടി രൂപ) സമാഹരിക്കാനാണ് നീക്കം.
വികസന പ്രവർത്തനങ്ങൾക്കും ഭാവിയിലെ ഏറ്റെടുക്കലുകൾക്കുമാണ് പ്രധാനമായും ഈ തുക ചെലവഴിക്കുകയെന്നതിനാൽ അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിനും അതു നേട്ടമായേക്കും.
അമേരിക്ക, മിഡിൽ-ഈസ്റ്റ്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള നിക്ഷേപകർ അദാനി പോർട്സുമായി സഹകരിക്കാനും ഓഹരി സ്വന്തമാക്കാനും താൽപര്യം അറിയിച്ചിട്ടുണ്ടെന്ന് അദാനി ഗ്രൂപ്പ് അധികൃതരെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ആദ്യമായാണ് അദാനി പോർട്സ് വിദേശ നിക്ഷേപകരിൽ നിന്ന് മൂലധനം സമാഹരിക്കാൻ ഒരുങ്ങുന്നത്. അദാനി ഗ്രൂപ്പിലെ മുഖ്യകമ്പനിയായ അദാനി എന്റർപ്രൈസസിന്റെ നിയന്ത്രണത്തിലാണ് അദാനി എയർപോർട്സ്. ഏകദേശം 2,000 കോടി ഡോളറാണ് (1.71 ലക്ഷം കോടി രൂപ) അദാനി എയർപോർട്സിന് വിലയിരുത്തുന്ന മൂല്യം.
മുംബൈ, തിരുവനന്തപുരം, മംഗലാപുരം, ജയ്പുർ, ഗുവഹാത്തി, അഹമ്മദാബാദ്, ലക്നൗ വിമാനത്താവളങ്ങളാണ് നിലവിൽ അദാനി എയർപോർട്സിന്റെ നിയന്ത്രണത്തിലുള്ളത്. നവി മുംബൈയിൽ സജ്ജമാകുന്ന പുതിയ വിമാനത്താവളവും അദാനി ഗ്രൂപ്പാണ് കൈകാര്യം ചെയ്യുക. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാനത്താവള നിയന്ത്രണ ഗ്രൂപ്പുമാണ് അദാനി എയർപോർട്സ്.
ഇന്ത്യയിൽ വിമാനയാത്രക്കാരുടെ എണ്ണം പ്രതിവർഷം ശരാശരി 9 ശതമാനം വീതം കൂടുന്നുണ്ടെന്നാണ് കെയർഎഡ്ജ് റേറ്റിങ്സിന്റെ സമീപകാല റിപ്പോർട്ട് വ്യക്തമാക്കിയത്. ഈ സാഹചര്യത്തിനു അനുസൃതമായി വിമാനത്താവള സൗകര്യങ്ങൾ കൂടുതൽ വിപുലപ്പെടുത്തുക കൂടി ലക്ഷ്യമിട്ടാണ് അദാനി പോർട്സിന്റെ മൂലധന സമാഹരണ ആലോചന.
ഇന്ത്യയിലും വിദേശത്തും കൂടുതൽ ഏറ്റെടുക്കലുകൾക്കും കമ്പനി സജ്ജമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2024-25ൽ അദാനി എയർപോർട്സ് 7% വളർച്ചയോടെ 9.4 കോടി യാത്രക്കാരെ കൈകാര്യം ചെയ്തിരുന്നു. 2027 മാർച്ചിനകം അദാനി എയർപോർട്സിന്റെ പ്രാരംഭ ഓഹരി വിൽപന പ്രതീക്ഷിക്കാമെന്ന് ബ്ലൂംബെർഗും റിപ്പോർട്ട് ചെയ്തു.
അടുത്ത 5 വർഷത്തിനകം 100 ബില്യൻ ഡോളറിന്റെ (ഏകദേശം 8.6 ലക്ഷം കോടി രൂപ) വികസന പദ്ധതികൾ നടപ്പാക്കാനാണ് അദാനി ഗ്രൂപ്പ് ഒരുങ്ങുന്നതെന്ന് ചെയർമാൻ ഗൗതം അദാനി വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമാകും അദാനി പോർട്സിന്റെ ഐപിഒയും.
ഈമാസം ആദ്യം വിദേശ ബാങ്കുകളിൽ നിന്നായി അദാനി എയർപോർട്സ് 75 കോടി ഡോളറിന്റെ (ഏകദേശം 6,400 കോടി രൂപ) വായ്പ നേടിയിരുന്നു.