
കടക്കെണിയിലായ ജയ് പ്രകാശ് അസോസിയേറ്റ്സിനെ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന ചില അഭ്യൂഹങ്ങൾ ഉയർന്നു വരികയാണ്. 12500 കോടി രൂപയാണ് അദാനി ഗ്രൂപ്പ് ഇവർക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഒപ്പം ഉപാധികളില്ലാതെ 8000 കോടി രൂപ മുൻകൂറായി നൽകാമെന്നും വാഗ്ഗാനമുണ്ട്.
അദാനിക്കൊപ്പം ഡാൽമിയ ഗ്രൂപ്പും ജയ് പ്രകാശ് അസോസിയേറ്റ്സിനെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്. സ്പോർട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് കമ്പനി നേരിടുന്ന നിയമ പ്രശ്നങ്ങൾ പരിഹരിക്കുകയാണെങ്കിൽ ഇതിനു തയാറാണെന്നാണ് ഡാൽമിയ ഗ്രൂപ്പ് മുന്നോട്ടു വക്കുന്ന നിബന്ധന. നിലവിൽ സുപ്രീംകോടതിയിൽ വിചാരണയിലാണ് ഈ കേസ്.
കമ്പനി ഏറ്റെടുക്കാൻ നിരവധിപ്പേർ മുന്നോട്ടു വന്നിട്ടുണ്ടെങ്കിലും അദാനിക്കാണ് കൂടുതൽ സാധ്യതയുള്ളത്. റിയൽ എസ്റ്റേറ്റ്, സിമന്‍റ്, ഊർജം തുടങ്ങി നിരവധി മേഖലകളിൽ പ്രവർത്തിക്കുന്ന വലിയ ഇൻഫ്രാസ്ട്രക്ചർ കമ്പനിയാണ് ജയ് പ്രകാശ് അസോസിയേറ്റ്.
നിലവിൽ കമ്പനി ഗുരുതര സാമ്പത്തിക പ്രതിസന്ധിയും കട ബാധ്യതയും നേരിടുകയാണ്.വേദാന്ത, ജിൻഡാൽ പവർ, തുടങ്ങിയ വമ്പൻ കമ്പനികൾ ജയ് പ്രകാശ് അസോസിയേറ്റിനെ സ്വന്തമാക്കാൻ മുന്നോട്ടു വന്നിട്ടുണ്ട്.
എന്നാൽ കമ്പനികൾ മുന്നോട്ടു വെച്ച വാഗ്ദാനങ്ങളെക്കുറിച്ച് തങ്ങൾ ആലോചിക്കുകയാണെന്നും അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ലെന്നുമാണ് കമ്പനി അധികൃതർ പറയുന്നത്.