
മുംബൈ: റഷ്യന്‍ ക്രൂഡ് ഓയില്‍ വഹിച്ച കപ്പലിനെ നങ്കൂരമിടാന്‍ വിസ്സമ്മതിച്ച് അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള മുന്ദ്ര തുറമുഖം. പ്രവേശനം നിഷേധിച്ചതിനെത്തുടര്‍ന്ന് കപ്പല്‍ ഗുജറാത്തിലെ വാഡിനാര്‍ തുറമുഖത്തേക്ക് വഴിതിരിച്ചുവിട്ടു.
ഉപരോധം നേരിടുന്ന കപ്പലുകള്‍ക്ക് തങ്ങളുടെ തുറമുഖങ്ങളില്‍ അദാനി ഗ്രൂപ്പ് പ്രവേശനം വിലക്കിയതിനെത്തുടര്‍ന്നാണിത്.
എച്ച്.പി.സി.സി.എല്‍ മിത്തല്‍ എനര്‍ജി ലിമിറ്റഡിനായി (എച്ച്.എം.ഇ.എല്‍) ഏകദേശം 10 ലക്ഷം ബാരല്‍ റഷ്യന്‍ ക്രൂഡ് ഓയിലുമായി വന്ന ‘നോബിള്‍ വാക്കര്‍’ എന്ന കപ്പലാണ് മുന്ദ്ര തുറമുഖത്തേക്ക് യാത്ര തിരിച്ചിരുന്നത്.
റഷ്യന്‍ എണ്ണ കൈകാര്യം ചെയ്തതിന് യൂറോപ്യന്‍ യൂണിയന്റെയും ബ്രിട്ടന്റെയും ഉപരോധപ്പട്ടികയില്‍ ഉള്‍പ്പെട്ട കപ്പലാണിത്. സെപ്റ്റംബര്‍ 11-ന്, യൂറോപ്യന്‍ യൂണിയന്‍, ബ്രിട്ടന്‍, അമേരിക്ക എന്നിവ ഉപരോധം ഏര്‍പ്പെടുത്തിയ കപ്പലുകള്‍ക്ക് തങ്ങളുടെ 14 തുറമുഖങ്ങളിലും പ്രവേശനം നിഷേധിച്ചുകൊണ്ട് അദാനി ഗ്രൂപ്പ് ഉത്തരവിട്ടിരുന്നു.
2022-ല്‍ റഷ്യ യുക്രെയ്‌നെ ആക്രമിച്ചതിനെത്തുടര്‍ന്ന് പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യന്‍ എണ്ണ ഇറക്കുമതി കുറച്ചതോടെ ലോകത്ത് റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരായി ഇന്ത്യ മാറിയിരുന്നു. എന്നാല്‍, റഷ്യന്‍ എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും, പ്രത്യേകിച്ച് അമേരിക്കയില്‍ നിന്നും ഇന്ത്യയുടെ മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിച്ചുവരുന്നുണ്ട്.
ഉപരോധം നേരിടുന്ന ‘സ്പാര്‍ട്ടന്‍’ എന്ന മറ്റൊരു ടാങ്കര്‍ കപ്പല്‍ തിങ്കളാഴ്ച മുന്ദ്ര തുറമുഖത്തിനടുത്തായി കണ്ടതായി ബ്ലൂംബെര്‍ഗ് ഡാറ്റയില്‍ പറയുന്നു. എച്ച്.എം.ഇ.എല്ലിനായി ഒരു ദശലക്ഷം ബാരലിലധികം ‘യുറല്‍സ്’ ക്രൂഡ് ഓയിലാണ് സ്പാര്‍ട്ടന്‍ വഹിക്കുന്നത്. ഈ കപ്പലിന് കഴിഞ്ഞ വര്‍ഷം ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
ഈ വിലക്ക് ഉടനടി പ്രാബല്യത്തില്‍ വരുമെങ്കിലും, നിലവില്‍ യാത്രയിലുള്ള കപ്പലുകള്‍ക്ക് ഇത് ബാധകമല്ലെന്ന് അദാനി ഗ്രൂപ്പ് വക്താവ് ബ്ലൂംബെര്‍ഗിനോട് പറഞ്ഞു. കഴിഞ്ഞ എട്ട് മാസത്തിനിടെ മുന്ദ്ര തുറമുഖം പ്രതിദിനം ഏകദേശം 1,80,000 ബാരല്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ കൈകാര്യം ചെയ്തിരുന്നു.
അമേരിക്കയില്‍ അദാനി ഗ്രൂപ്പും അന്വേഷണം നേരിടുന്നുണ്ട്. ഗ്രൂപ്പിലെ ഒരു സ്ഥാപനം അമേരിക്കയുടെ ഉപരോധം ലംഘിച്ച് ഇറാനില്‍ നിന്ന് ദ്രവീകൃത പെട്രോളിയം വാതകം (എല്‍.പി.ജി) ഇറക്കുമതി ചെയ്തിട്ടുണ്ടോ എന്ന് യു.എസ്. നീതിന്യായ വകുപ്പ് അന്വേഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകളുണ്ട്.