
എന്‍ഡിടിവിയുടെ കൂടുതല്‍ ഓഹരികള്‍ ഏറ്റെടുക്കുന്നതിനുള്ള ഓപ്പണ്‍ ഓഫര്‍ തിങ്കളാഴ്ച സമാപിച്ചതോടെ അദാനി ഗ്രൂപ്പിന് കമ്പനിയില്‍ മൊത്തം 37.4 ശതമാനം ഓഹരി പങ്കാളിത്തം ലഭിച്ചു. കമ്പനിയില്‍ ഏറ്റവും കൂടുതല്‍ ഓഹരി ഉടമസ്ഥത അദാനി ഗ്രൂപ്പിനായി.
അദാനി ഗ്രൂപ്പ് ഓപ്പണ്‍ ഓഫറിലൂടെ വാങ്ങാന്‍ ലക്ഷ്യമാക്കിയ ഓഹരികളുടെ മൂന്നിലൊന്ന് മാത്രമാണ് ടെണ്ടര്‍ ചെയ്‌തത്. 53.2 ലക്ഷം ഓഹരികള്‍ ഓപ്പണ്‍ ഓഫറിലൂടെ അദാനിക്ക് ലഭിച്ചു. 1.67 കോടി ഓഹരികള്‍ ഓപ്പണ്‍ ഓഫറിലൂടെ വാങ്ങാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിട്ടിരുന്നത്.
നവംബര്‍ 22നാണ് ഓപ്പണ്‍ ഓഫര്‍ തുടങ്ങിയത്. നേരത്തെ 29.18 ശതമാനം ഓഹരികള്‍ കൈവശമുള്ള അദാനി ഗ്രൂപ്പിന് ഓപ്പണ്‍ ഓഫറിലൂടെ 8.26 ശതമാനം ഓഹരികള്‍ കൂടി ലഭിച്ചു. എന്‍ഡിടിവിയുടെ പ്രൊമോട്ടര്‍മാരായ പ്രണോയ് റോയ്‌യും രാധികാ റോയ്‌യും ചേര്‍ന്ന് 32.26 ശതമാനം ഓഹരികളാണ് കൈവശം വെക്കുന്നത്.
എന്‍ഡിടിവിയുടെ പ്രൊമോട്ടര്‍ സ്ഥാപനമായ ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ്‌സിന്റെ 99.99 ശതമാനം ഓഹരികള്‍ കൈവശം വെക്കുന്ന വിശ്വപ്രധാന്‍ കമ്മേഷ്യലിനെ ഏറ്റെടുത്തതിലൂടെ 29.18 ശതമാനം ഓഹരികള്‍ അദാനി ഗ്രൂപ്പിന്റെ കൈവശം വരികയായിരുന്നു.
ഇതിനെ തുടര്‍ന്നാണ് കൂടുതല്‍ ഓഹരികള്‍ വാങ്ങുന്നതിനായി ഓപ്പണ്‍ ഓഫറിന് അനുമതി ലഭിച്ചത്. ഓപ്പണ്‍ ഓഫര്‍ വില 294 രൂപയായിരുന്നു. ഇത് നിലവിലുള്ള വിപണിവിലയേക്കാള്‍ താഴെയാണ്. ഇത് മൂലമാണ് ഓപ്പണ്‍ ഓഫര്‍ പൂര്‍ണ വിജയമാകാതിരുന്നത്.
ഏറ്റവും വലിയ ഓഹരി ഉടമ ആയതോടെ എന്‍ഡിവിയുടെ ഡയറക്‌ടര്‍ ബോര്‍ഡ് പുന:സംഘടിപ്പിക്കാന്‍ അദാനി ഗ്രൂപ്പിന് സാധിക്കും. ഇതിനായി ഓഹരിയുടമകളുടെ യോഗം അദാനി ഗ്രൂപ്പ് വിളിച്ചുചേര്‍ക്കേണ്ടി വരും.
പുതിയ ഡയറക്‌ടര്‍മാരെ ബോര്‍ഡില്‍ നിയമിക്കുന്നതിനുള്ള നിര്‍ദേശത്തിന് 50 ശതമാനം ഓഹരിയുടമകളുടെ പിന്തുണ ആവശ്യമായി വരും. ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ്‌സ് ഒരു പതിറ്റാണ്ട് മുമ്പ് 400 കോടി രൂപ വിസിപിഎല്ലില്‍ നിന്നും വായ്‌പ എടുത്തിരുന്നു.
വായ്‌പാ കരാര്‍ പ്രകാരം വായ്‌പ തിരിച്ചടച്ചില്ലെങ്കില്‍ വിസിപിഎല്ലിന് എന്‍ഡിവിയുടെ 29.18 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാന്‍ അനുവാദമുണ്ട്. വിസിപിഎല്ലിനെ കഴിഞ്ഞ ഓഗസ്റ്റില്‍ അദാനി ഗ്രൂപ്പ് ഏറ്റെടുകയായിരുന്നു. ഇങ്ങനെയാണ് എന്‍ഡിടിവിയുടെ 29.18 ശതമാനം ഓഹരികള്‍ അദാനിയുടെ കൈയില്‍ വന്നത്.
ഇന്നലെ എന്‍ഡിടിവിയുടെ ഓഹരി വില 378 രൂപ വരെ ഇടിഞ്ഞു. തിങ്കളാഴ്ച ബിഎസ്‌ഇയില്‍ അഞ്ച് ശതമാനം ഇടിഞ്ഞ് ലോവര്‍ സര്‍ക്യൂട്ടിലെത്തിയതിനു ശേഷമാണ് ക്ലോസ് ചെയ്‌തത്. മാസങ്ങള്‍ക്കു മുമ്പ് 573 രൂപ വരെ ഉയര്‍ന്നിരുന്ന ഓഹരിയാണിത്.