Alt Image
ഇന്ത്യയിലേക്ക് 200 ബില്യൺ ഡോളറിന്റെ നിക്ഷേപം വരുമെന്ന് അശ്വിനി വൈഷ്ണവ്സ്വര്‍ണ, വെള്ളി ഇറക്കുമതിയില്‍ കുതിപ്പ്ജനുവരിയില്‍ വ്യാപാര കമ്മി കുതിച്ചുയർന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്; നിയമപരമായ ചട്ടക്കൂട് തയ്യാറാക്കാൻ ചർച്ചകൾ ആരംഭിച്ചുഇന്ത്യൻ റീട്ടെയിൽ വിപണി കുതിക്കുന്നുവെന്ന് റിപ്പോർട്ട്

എഐ ഇൻഫ്രാ മേഖലയിൽ ₹9 ലക്ഷം കോടിയുടെ നിക്ഷേപവുമായി അദാനി ഗ്രൂപ്പ്

ന്ത്യയിലെ മുൻനിര വ്യവസായ സംരംഭകരായ അദാനി ഗ്രൂപ്പ്, രാജ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള വമ്പൻ പദ്ധതി പ്രഖ്യാപിച്ചു. അടുത്ത 10 വർഷത്തിനുള്ളിൽ 10,000 കോടി ഡോളർ (ഏകദേശം 9 ലക്ഷം കോടി രൂപ) ചെലവിട്ട് പുനരുപയോഗ ഊർജത്തിൽ പ്രവർത്തിക്കുന്ന എഐ ഡേറ്റ സെന്ററുകൾ നിർമിക്കുമെന്നാണ് പ്രഖ്യാപനം.

ലോകത്തെ ഏറ്റവും വലിയ സംയോജിത എനർജി – കംപ്യൂട്ടിങ് പ്ലാറ്റ്ഫോമിനുള്ള നിക്ഷേപമാണിതെന്ന് കമ്പനി അവകാശപ്പെട്ടു. സ്റ്റോക്ക് എക്സ്ചേഞ്ചിന് ചൊവ്വാഴ്ച കൈമാറിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ അദാനി ഗ്രൂപ്പിന്റെ ഫ്ലാഗ്ഷിപ്പ് കമ്പനിയായ അദാനി എന്റർപ്രൈസസിന്റെ ഓഹരിയിൽ മൂന്ന് ശതമാനം വരെ മുന്നേറ്റം പ്രകടമായി.

25,000 കോടി ഡോളറിന്റെ എഐ ഇൻഫ്രാ ഇക്കോസിസ്റ്റം
അദാനി ഗ്രൂപ്പും ആഗോള ഡേറ്റ സെന്റർ ഓപ്പറേറ്ററായ എഡ്ജ്കോണക്സും ചേർന്നുള്ള സംയുക്ത സംരംഭമായ അദാനികോണക്സ് (AdaniConneX), നിലവിൽ നടപ്പാക്കുന്ന 2 ജിഗാവാട്ട് ഡേറ്റ സെന്ററിന്റെ പ്രവ‌ർത്തനശേഷി 5 ജിഗാവാട്ടിലേക്ക് ഉയർത്തിയാകും ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ട വമ്പൻ പദ്ധതി പൂർത്തീകരിക്കുക എന്നാണ് അദാനി ഗ്രൂപ്പ് വിശദീകരിച്ചത്.

പുനരുപയോഗ സ്രോതസ്സ് മുഖേനയുള്ള ഊ‌ർജോത്പാദനം, വൈദ്യുതി പ്രസരണം, എഐ കംപ്യൂട്ടിങ് എന്നിവ ഒത്തുച്ചേർന്നുള്ള ലോകത്തെ ഏറ്റവും വലിയ സംയോജിത ഇന്റലിജൻസ് ഹബ്ബ് ആയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ഇതിനായി കമ്പനി നടത്തുന്ന 10,000 കോടി ഡോളർ നിക്ഷേപത്തോടെ രാജ്യത്തെ സെർവർ മാനുഫാക്ചറിങ്, അഡ്വാൻസ്ഡ് ഇലക്ട്രിക്കൽ ഇൻഫ്രാസ്ട്രക്ചർ, സോവറിൻ ക്ലൗഡ് പ്ലാറ്റ്ഫോം, അനുബന്ധ വ്യവസായ മേഖലകൾ എന്നിവിടങ്ങളിലേക്ക് 15,000 കോടി ഡോളറിന്റെ അധിക നിക്ഷേപം ഒഴുകിയെത്താനുള്ള പ്രചോദനമേകുമെന്നാണ് പ്രതീക്ഷയെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.

ഇങ്ങനെ 2035-ഓടെ രാജ്യത്തെ എഐ ഇൻഫ്രാസ്ട്രക്ചർ ഇക്കോസിസ്റ്റത്തിന്റെ വലിപ്പം 25,000 കോടി ഡോളർ (ഏകദേശം 22.68 ലക്ഷം കോടി രൂപ) ആകുമെന്നും അദാനി ഗ്രൂപ്പ് കണക്കുകൂട്ടുന്നു.

പദ്ധതിയുടെ പ്രാധാന്യമെന്ത്?
ആഗോള എഐ സമ്പദ്ഘടനയിൽ ഇന്ത്യയ്ക്കും നി‌ർണായക സ്ഥാനം നേടിയെടുക്കാൻ പദ്ധതി സമയബന്ധിതമായി പൂർത്തീകരിച്ചാൽ സാധിക്കുമെന്നാണ് വിലയിരുത്തൽ.

എഐ സാങ്കേതികവിദ്യയുടെ വികാസത്തിന് ആവശ്യമായ കംപ്യൂട്ടിങ് ശേഷി നേടുന്നതിനുള്ള വമ്പൻ ഡേറ്റ സെന്റർ നിർമാണത്തിനൊപ്പം പുനരുപയോഗ ഊർജത്തിന്റെ സാധ്യതയും ഒത്തുചേരുന്നതോടെ രാജ്യത്തെ ഗ്രീൻ-ടെക് ഇന്റലിജൻസ് ഹബ്ബ് ആയി പരുവപ്പെടുത്താനും സാധിക്കുമെന്നാണ് അദാനി ഗ്രൂപ്പിന്റെ പ്രതീക്ഷ.

അതുപോലെ സാങ്കേതികവിദ്യയിൽ ഇന്ത്യയുടെ പരമാധികാരം കാത്തുസൂക്ഷിക്കുന്നതിനുള്ള എഐ ടെക്നോളജി സ്റ്റാക്ക് സാക്ഷാത്കരിക്കുന്നതിലേക്കും ഈ നീക്കം സഹായിക്കുമെന്നാണ് കണക്കുകൂട്ടൽ.

X
Top