
മുംബൈ: അദാനി ഗ്രൂപ്പ് ആണവോര്‍ജ്ജ മേഖലയിലേക്ക് പ്രവേശിക്കുന്നു. പൊതു-സ്വകാര്യ പങ്കാളിത്ത മോഡലിന്റെ ഭാഗമായിട്ടായിരിക്കും അദാനി ഗ്രൂപ്പിന്റെ നീക്കമെന്നാണ് വിവരം. അദാനി ഗ്രൂപ്പിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ജുഗേഷിന്ദര്‍ സിംഗ് ആണ് ഇക്കാര്യം പുറത്ത് വിട്ടത്.
ആണവോര്‍ജ്ജ മേഖലയില്‍ അദാനി ഗ്രൂപ്പിന് താല്‍പ്പര്യമുണ്ട്. എന്നാല്‍ ഇതില്‍ പങ്കുചേരുന്നത് സര്‍ക്കാര്‍ രൂപികരിക്കുന്ന ചട്ടത്തെ ആശ്രയിച്ചായിരിക്കും.
പൊതു-സ്വകാര്യ പങ്കാളിത്തമാണ് ഗ്രൂപ്പ് ആഗ്രഹിക്കുന്നത്. അതിന് സര്‍ക്കാര്‍ തയ്യാറായാല്‍ ആണവോര്‍ജ്ജ മേഖലയില്‍ അദാനിയും പങ്കാളിയാവുമെന്നും അദ്ദേഹം വ്യക്തമാക്കി. മേഖലയില്‍ ഇന്ത്യയ്ക്ക് നിരവധി അന്താരാഷ്ട്ര സഹകരണങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ ഇവരെക്കാള്‍ ഫലപ്രദമായി പദ്ധതികള്‍ നടപ്പിലാക്കാന്‍ അദാനി ഗ്രൂപ്പിന് സാധിക്കും.
ഇന്ത്യയുടെ ആണവോര്‍ജ്ജ മേഖല സ്വകാര്യ പങ്കാളിത്തത്തിനായി തുറന്നുകൊടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അദാനി ഗ്രൂപ്പിന്റെ പ്രസ്താവന. മേഖല സ്വകാര്യവല്‍ക്കരിക്കുന്നത് ഒരു പോസിറ്റീവ് ഡെവലപ്മെന്റ് ആയിട്ടാണ് അദാനി ഗ്രൂപ്പ് കാണുന്നത്.
അറ്റോമിക് എനര്‍ജി ബില്‍, 2025-പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ബില്‍ വന്നാല്‍ അത് 1962-ന് ശേഷം ഇന്ത്യയുടെ ആണവ നിയമങ്ങളില്‍ വരുന്ന ആദ്യത്തെ വലിയ ഭേദഗതിയായിരിക്കും. രാജ്യത്തിന്റെ ആണവ ശക്തി വര്‍ദ്ധിപ്പിക്കുകയാണ് ഈ ബില്ലിന്റെ ലക്ഷ്യം.






