
മുംബൈ: വിദേശരാജ്യങ്ങളിൽ നിന്ന് 275 മില്യൺ ഡോളർ(ഏകദേശം 2300 കോടി) കടമെടുത്ത് ഇന്ത്യൻ വ്യവസായ ഭീമൻ ഗൗതം അദാനി. കടമെടുപ്പ് വർധിപ്പിക്കുന്നതിനിടെയാണ് അദാനി ഗ്രൂപ്പിന്റെ പുതിയ വായ്പ സംബന്ധിക്കുന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
അദാനി എയർപോർട്ട് ഹോൾഡിങ്സ് ലിമിറ്റഡ് 150 മില്യൺ ഡോളറാണ് കടമെടുക്കുന്നത്. ബാർക്ലേയ്സ്, ഡി.ബി.എസ് ബാങ്ക്, ഫസ്റ്റ് അബുദാബി ബാങ്ക്, മിസ്തുബിഷി യു.എഫ്.ജെ ഫിനാൻഷ്യൽ ഗ്രൂപ്പ് എന്നിവരിൽ നിന്നാണ് അദാനി ഗ്രൂപ്പ് പണം കടം വാങ്ങിയത്.
അദാനി പോർട്സ്& സ്പെഷ്യൽ ഇക്കണോമിക് സോൺ 125 മില്യൺ ഡോളറും കടമെടുത്തിട്ടുണ്ട്. മിസ്തുബിഷി യു.എഫ്.ജെ ഫിനാൻഷ്യൽ ഗ്രൂപ്പിൽ നിന്നാണ് ഇത്രയും തുക അദാനി കടമെടുത്തത്.
കഴിഞ്ഞ ആറ് മാസത്തിനിടെ 10 ബില്യൺ ഡോളറാണ് അദാനി ഗ്രൂപ്പ് കടമായി എടുത്തത്.
എസ്&പി ഗ്ലോബൽ അദാനി ഗ്രൂപ്പിന്റെ റേറ്റിങ് ഉയർത്തുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് കമ്പനി വൻ തുക കടമായി എടുക്കുന്നത്. അദാനി ഗ്രൂപ്പ് കടമെടുത്തതുമായി ബന്ധപ്പെട്ട വാർത്തകളോട് പ്രതികരിക്കാൻ ഡി.ബി.എസ് ബാങ്കും ഫസ്റ്റ് അബുദാബി ബാങ്കും വിസമ്മതിച്ചു. അദാനി ഗ്രൂപ്പും തൽക്കാലത്തേക്ക് വാർത്തകളോട് പ്രതികരിച്ചിട്ടില്ല.
ജൂണിൽ അദാനി എയർപോർട്ട് ഹോൾഡിങ്സിന്റെ കീഴിലുള്ള മുംബൈ ഇന്റർനാഷണൽ എയർപോർട്ട് 750 മില്യൺ ഡോളറിന്റെ വായ്പ സ്വരൂപിച്ചിരുന്നു. അപ്പോളോ ഗ്ലോബൽ മാനേജ്മെന്റ് ലിമിറ്റഡിൽ നിന്നാണ് വായ്പ വാങ്ങിയത്.
ഇവരിൽ നിന്ന് തന്നെ 250 മില്യൺ ഡോളർ കൂടി മുംബൈ എയർപോർട്ട് വായ്പ വാങ്ങുമെന്ന് റിപ്പോർട്ടുണ്ട്.