
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് കപ്പലുകള്‍ക്ക് ഇന്ധനം നല്‍കുന്ന ഷിപ് ടു ഷിപ് ബങ്കറിംഗ് സേവനം ആരംഭിച്ചു. അദാനി ബങ്കറിംഗ് കമ്പനിയുടെ നേതൃത്വത്തില്‍ എം.ടി ഷോണ്‍ 1 കപ്പലില്‍ നിന്ന് വിഴിഞ്ഞം തുറമുഖത്തിന്റെ പുറംകടലില്‍ നങ്കൂരമിട്ടിരിക്കുന്ന എം.എസ്.സി അക്കിറ്റെറ്റ എന്ന കപ്പലിലാണ് വെരി ലോ സള്‍ഫര്‍ ഫ്യുയല്‍ ഓയില്‍ (VLSFO) നിറച്ചത്. കേരള തീരത്ത് മുങ്ങിയ എം.എസ്.സി എല്‍സ 3യുമായി ബന്ധപ്പെട്ട് ഹൈക്കോടതി തടഞ്ഞുവെച്ച കപ്പലാണിത്.
ഇതോടെ കപ്പലുകളില്‍ ഇന്ധനം നിറക്കാന്‍ വിദേശ തുറമുഖങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ കഴിയുമെന്ന് മന്ത്രി വി.വാസവന്‍ പറഞ്ഞു. ഇന്ത്യയുടെ ട്രാന്‍ഷിപ്‌മെന്റ് ഹബ് ആയി വളരുന്ന വിഴിഞ്ഞം ലോകോത്തര കപ്പല്‍ കമ്പനികളുടെ ഇന്ധനം നിറയ്ക്കല്‍ കേന്ദ്രമായും അധികം വൈകാതെ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കപ്പലില്‍ ഇന്ധനം നിറക്കുന്നതിനെയാണ് ബങ്കറിംഗ് എന്ന് വിളിക്കുന്നത്. രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ബങ്കറിംഗിനുള്ള കൂടുതല്‍ സൗകര്യവും ഏര്‍പ്പെടുത്തുന്നുണ്ട്. കൊച്ചിയില്‍ നിന്നാണ് ഇവിടേക്കുള്ള കപ്പല്‍ ഇന്ധനം കൊണ്ടുവരുന്നത്. നിലവില്‍ വിഴിഞ്ഞത്തേക്ക് വരുന്ന കപ്പലുകളില്‍ ധാരാളം ഇന്ധനം ഉണ്ടാകാറുണ്ട്. ഇത് കപ്പലില്‍ കൂടുതല്‍ ചരക്ക് കയറ്റുന്നതിനും തടസമാണ്. ഇനിമുതല്‍ പരമാവധി ചരക്ക് കയറ്റി പുറംകടലിലെത്തിയാല്‍ ഇവിടെ നിന്നും ഇന്ധനം നിറച്ച് യാത്ര തുടരാം.
നിലവില്‍ ഇന്ധനം നിറക്കുന്നതിനായി കൊളംബോ തുറമുഖത്തെയാണ് ഇവിടെ നിന്നുള്ള കപ്പലുകള്‍ പ്രധാനമായും ആശ്രയിക്കുന്നത്. ഇനി മുതല്‍ വിഴിഞ്ഞം തീരത്ത് തന്നെ ഇന്ധനം നിറക്കാം. കേരള തീരത്ത് തന്നെ ബങ്കറിംഗ് സംവിധാനം ഏര്‍പ്പെടുത്തിയത് അധിക വരുമാനമെത്തിക്കുമെന്നാണ് പ്രതീക്ഷ.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇത് നേട്ടമാണ്. നിലവില്‍ രാജ്യത്ത് കൊച്ചി, മുംബയ്, ചെന്നൈ പോലുള്ള പ്രധാന തുറമുഖങ്ങളില്‍ മാത്രമാണ് ബങ്കറിംഗ് സംവിധാനമുള്ളത്.