
ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ മുകേഷ് അംബാനിയും ഗൗതം അദാനിയും ബിസിനസ് രംഗത്ത് വീണ്ടും കൈകോർക്കുന്നു.
മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്, ബ്രിട്ടീഷ് എണ്ണക്കമ്പനിയായ ബിപി എന്നിവയുടെ സംയുക്ത സംരംഭമായ ജിയോ-ബിപിയും ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിനു കീഴിലെ സിറ്റി ഗ്യാസ് വിതരണക്കമ്പനിയായ അദാനി ടോട്ടൽ ഗ്യാസുമാണ് സഹകരിക്കുന്നതെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ കമ്പനികൾ വ്യക്തമാക്കി.
ഇതുപ്രകാരം, അദാനി ടോട്ടൽ ഗ്യാസിന്റെ സിഎൻജി വിതരണ സ്റ്റേഷനുകളിൽ ജിയോ-ബിപി പെട്രോൾ, ഡീസൽ പമ്പുകൾ സ്ഥാപിക്കും. ജിയോ-ബിപിയുടെ തിരഞ്ഞെടുത്ത സ്റ്റേഷനുകളിൽ അദാനി ടോട്ടൽ ഗ്യാസ് സിഎൻജി പമ്പുകളും സജ്ജമാക്കും.
രാജ്യമെമ്പാടുമായി 650 സിഎൻജി സ്റ്റേഷനുകളാണ് അദാനി ടോട്ടൽ ഗ്യാസിനുള്ളത്. ജിയോ-ബിപിക്ക് 2,000ഓളം പമ്പുകളുണ്ട്.
വീടുകളിൽ പാചകാവശ്യത്തിനും വാഹനങ്ങൾക്ക് ഇന്ധനാവശ്യത്തിനും വ്യാവസായിക സ്ഥാപനങ്ങൾക്കും പ്രകൃതിവാതകം ലഭ്യമാക്കുന്ന സ്ഥാപനമാണ് അദാനി ടോട്ടൽ ഗ്യാസ്. കമ്പനിയുടെ സ്റ്റേഷനുകളിൽ ഇവി ചാർജിങ് സൗകര്യവുമുണ്ട്.
അദാനി ഗ്രൂപ്പും ഫഞ്ച് കമ്പനിയായ ടോട്ടൽ എനർജീസും തമ്മിലെ 50:50 സംയുക്ത സംരംഭമാണ് അദാനി ടോട്ടൽ ഗ്യാസ്.
അദാനിയും അംബാനിയും തമ്മിൽ ബിസിനസ് രംഗത്ത് ഇതു രണ്ടാംതവണയാണ് കൈകോർക്കുന്നത്. അദാനി പവറിന് കീഴിലുള്ള മഹാൻ എനർജെൻ എന്ന കമ്പനിയുടെ 26% ഓഹരികൾ 2024 ജൂലൈയിൽ 50 കോടി രൂപയ്ക്ക് റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റെടുത്തിരുന്നു.
അദാനി പവറിന് മധ്യപ്രദേശിലുള്ള ഊർജോൽപാദന സ്ഥാപനമാണ് മഹാൻ എനർജെൻ.