
ന്യൂഡല്‍ഹി: ക്ലീന്‍ടെക്ക് കമ്പനിയായ ആക്മി ഗ്രൂപ്പും ജപ്പാനിലെ ഐഎച്ച്‌ഐ കോര്‍പ്പറേഷനും ചേര്‍ന്ന് ഒഡീഷയിലെ ഗോപാല്‍പൂരില്‍ ഗ്രീന്‍ അമോണിയ പ്ലാന്റ് നിര്‍മ്മിക്കുന്നു. ഇതിനായി ഇരു കമ്പനികളും ചേര്‍ന്ന് സംയുക്ത സംരംഭം രൂപീകരിച്ചു.
പുനരുപയോഗ ഊര്‍ജ്ജം ഉപയോഗിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ പ്ലാന്റാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുമ്പോഴുള്ള ഹരിതഗൃഹ വാതക ബഹിര്‍ഗമനം ഒഴിവാക്കാന്‍ ഇതുവഴി സാധിക്കുന്നു.
നിര്‍ദ്ദിഷ്ട പദ്ധതി പ്രതിവര്‍ഷം ഏകദേശം 0.4 ദശലക്ഷം ടണ്‍ ഗ്രീന്‍ അമോണിയ ഉത്പാദിപ്പിക്കും. ഇതില്‍ ഭൂരിഭാഗവും ജപ്പാനിലേയ്ക്ക് കയറ്റുമതി ചെയ്യമ്പോള്‍ കുറച്ചുഭാഗം വൈദ്യുതി ഉത്പാദനം, കെമിക്കല്‍ നിര്‍മ്മാണം എന്നിവയില്‍ ഉപയോഗിക്കും. 2023 ലാണ് ഇത് സംബന്ധിച്ച ധാരണപത്രത്തില്‍ ആക്മിയും ഐഎച്ച്‌ഐയും ഒപ്പുവയ്ക്കുന്നത്.
തുടര്‍ന്ന് ഭൂമി ഏറ്റെടുക്കുകയും പ്ലാന്റിന്റെ സാങ്കേതിക രൂപകല്‍പന നിര്‍വഹിക്കുകയും ചെയ്തു. ആക്മി ക്ലീന്‍ എനര്‍ജി ലിമിറ്റഡിന്റെ 30 ശതമാനം ഓഹരികള്‍ ഐഎച്ച്‌ഐ കോര്‍പ്പറേഷന്‍ ഏറ്റെടുത്തിട്ടുണ്ട്.
പ്ലാന്റ് 2029-30 ഓടെ പ്രവര്‍ത്തനക്ഷമമാകും.