
കൊച്ചി: കേരളത്തിലെ തനത് ബിസിനസ് സ്ഥാപനങ്ങളില് മുന്നിരയിലുള്ള അബാദ് (ABAD) ഗ്രൂപ്പ്, തങ്ങളുടെ വൈവിധ്യമാര്ന്ന ബിസിനസ് സംരംഭങ്ങളെ ഒരൊറ്റ ബ്രാന്ഡ് ഘടനയ്ക്ക് കീഴില് അണിനിരത്തിക്കൊണ്ട് പുതിയ ഏകീകൃത കോര്പ്പറേറ്റ് ഐഡന്റിറ്റി പുറത്തിറക്കി. ഗ്രൂപ്പിന്റെ വ്യാപ്തിയെയും വൈവിധ്യത്തെയും പ്രതിഫലിപ്പിക്കുന്നതിനൊപ്പം എല്ലാ ബിസിനസ് മേഖലകളിലും ഒരൊറ്റ പേരിന്റെ സ്വീകാര്യതയും മൂല്യവും കൂടുതല് ശക്തിപ്പെടുത്തുന്നതുമാണ് ഈ ഏകീകൃത ഐഡന്റിറ്റി.
1931-ല് കൊച്ചിയില് നിന്ന് ഉണക്കച്ചമ്മീന് കയറ്റുമതി ചെയ്തുകൊണ്ട് പ്രവര്ത്തനം ആരംഭിച്ച അബാദ്, ഇന്ന് സമുദ്രോല്പ്പന്ന കയറ്റുമതി, ഫ്രോസണ് ഫുഡ്സ്, റീട്ടെയില് വിപണി, ഹോസ്പിറ്റാലിറ്റി, ആയുര്വേദം, റിയല് എസ്റ്റേറ്റ് വികസനം, ഇന്റീരിയര് സൊല്യൂഷന്സ്, പ്രോപ്പര്ട്ടി മാനേജ്മെന്റ് തുടങ്ങി വിവിധ മേഖലകളിലേക്ക് വളര്ന്നു പന്തലിച്ചിരിക്കുന്നു. അഞ്ചു തലമുറകളിലായി വ്യാപിച്ചുകിടക്കുന്ന ഏകദേശം ഒരു നൂറ്റാണ്ടിന്റെ സംരംഭകത്വ പാരമ്പര്യമാണ് അബാദിനുള്ളത്.
കൊച്ചി ആസ്ഥാനമായി പ്രവര്ത്തിക്കുന്ന അബാദ് ഗ്രൂപ്പ്, കേരളത്തിന്റെ വളര്ച്ചയ്ക്കൊപ്പം ഇന്ത്യയിലുടനീളവും ആഗോളതലത്തിലുമുള്ള ഉപഭോക്താക്കള്ക്ക് സേവനം നല്കുന്ന ബിസിനസ് ശൃംഖലകള് കെട്ടിപ്പടുത്തിട്ടുണ്ട്. അയ്യായിരത്തിലധികം (5,000) ജീവനക്കാരുമായി സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കും തൊഴില്ദാതാവ് എന്ന നിലയിലും വലിയ സംഭാവനകളാണ് ഗ്രൂപ്പ് നല്കിവരുന്നത്. എല്ലാ അര്ത്ഥത്തിലും തികഞ്ഞ ഒരു ‘മെയ്ഡ് ഇന് കേരള’ സംരംഭമാണ് അബാദ്.
ഗ്രൂപ്പിന്റെ മുന്നിര സംരംഭമായ അബാദ് ഫിഷറീസ് (ABAD Fisheries), ഇന്ത്യയിലെ പ്രമുഖ സമുദ്രോല്പ്പന്ന സംസ്കരണ സ്ഥാപനങ്ങളിലൊന്നാണ്. ദക്ഷിണേന്ത്യയിലുടനീളം ലോകോത്തര നിലവാരത്തിലുള്ള 14 ഫാക്ടറികളും പ്രതിദിനം 300 മെട്രിക് ടണ് സംസ്കരണശേഷിയും 25,000 മെട്രിക് ടണ് കോള്ഡ് സ്റ്റോറേജ് സൗകര്യവും ആഗോളതലത്തില് ശക്തമായ കയറ്റുമതി ശൃംഖലയും ഇതിനുണ്ട്.
കേരളത്തിലെ ഒമ്പത് പ്രധാന കേന്ദ്രങ്ങളിലായി 16 പ്രോപ്പര്ട്ടികളിലൂടെ 500-ലധികം മുറികളാണ് അബാദ് ഹോട്ടല്സ് (ABAD Hotels) ഒരുക്കിയിട്ടുള്ളത്. പൈതൃക റിസോര്ട്ടുകള്, സിറ്റി ഹോട്ടലുകള്, കായലോര റിസോര്ട്ടുകള്, ഹൗസ്ബോട്ടുകള്, കടല്ത്തീര റിസോര്ട്ടുകള്, ഹില്-സ്റ്റേഷന് റിസോര്ട്ടുകള്, ആയുര്വേദ വെല്നസ് കേന്ദ്രങ്ങള് എന്നിവ ഇതില് ഉള്പ്പെടുന്നു.
കേരളത്തിലെ ആദ്യത്തെ ക്രിസില് (CRISIL) റേറ്റിങ് ലഭിച്ച ഡെവലപ്പറായ അബാദ് ബില്ഡേഴ്സ് (ABAD Builders), 1995 മുതല് കേരളത്തിലുടനീളം 50 ലക്ഷത്തിലധികം (5 മില്യണ്) ചതുരശ്രയടി വിസ്തീര്ണത്തില് 49 പ്രോജക്ടുകള് പൂര്ത്തിയാക്കി 3,500-ലധികം കുടുംബങ്ങള്ക്ക് ഭവനമൊരുക്കിയിട്ടുണ്ട്. ലക്ഷ്വറി, അള്ട്രാ ലക്ഷ്വറി വിഭാഗങ്ങളില് നിര്മാണം പുരോഗമിക്കുന്ന അഞ്ച് പ്രോജക്ടുകളുമായി റിയല് എസ്റ്റേറ്റ് രംഗത്തെ സംസ്ഥാനത്തെ ഏറ്റവും വിശ്വസനീയമായ പേരുകളിലൊന്നായി അബാദ് മാറിയിരിക്കുന്നു.
റീട്ടെയില്, ഫുഡ് സര്വീസ് വിപണികള്ക്കായി ഫ്രോസണ് ഫുഡ് ഉല്പ്പന്നങ്ങളുടെ വിപുലമായ ശ്രേണിയാണ് അബാദ് ഫുഡ്സ് (ABAD Foods) വികസിപ്പിക്കുന്നത്. 25 ഹബ്ബുകളും നൂറിലധികം റഫ്രിജറേറ്റഡ് വാഹനങ്ങളുമടങ്ങുന്ന കോള്ഡ്-ചെയിന് ശൃംഖലയിലൂടെ ഇരുപതിനായിരത്തിലധികം (20,000) സജീവ ഹോട്ടല്, റസ്റ്റോറന്റ്, കഫേ (HoReCa) ഉപഭോക്താക്കള്ക്ക് സേവനം നല്കുന്നു.
റെസിഡന്ഷ്യല്, കൊമേഴ്സ്യല് ഇടങ്ങള്ക്കായി അബാദ് ഇന്റീരിയേഴ്സ് (ABAD Interiors) സമ്പൂര്ണ ഇന്റീരിയര് ഡിസൈനിങ്ങും നിര്വഹണവും ഉറപ്പാക്കുമ്പോള്, റെസിഡന്ഷ്യല്, റീട്ടെയില്, കൊമേഴ്സ്യല്, ഹെല്ത്ത്കെയര് പ്രോപ്പര്ട്ടികള്ക്ക് മികച്ച ഫെസിലിറ്റീസ് മാനേജ്മെന്റ് സേവനങ്ങളാണ് അബാദ് പ്രോപ്പര്ട്ടി മാനേജ്മെന്റ് സര്വീസസ് (APMS) ലഭ്യമാക്കുന്നത്.
മൂല്യങ്ങള്, ഗുണനിലവാരം, വിശ്വാസ്യത, ധാര്മികത, സൗഹൃദബന്ധങ്ങള് എന്നിവയില് അധിഷ്ഠിതമായി കേരളത്തിന്റെ സ്വന്തം സ്ഥാപനമെന്ന അഭിമാനത്തോടെ അടുത്ത വളര്ച്ചാഘട്ടത്തിലേക്ക് കടക്കുകയാണ്c അബാദ് ഗ്രൂപ്പ്.






