
മലയാളികളുടെയെല്ലാം പ്രിയങ്കരനായ ദാസേട്ടന്‍. മലയാളക്കരയുടെ അഭിമാനവും പുണ്യവും. ഏകദേശം അഞ്ചു പതിറ്റാണ്ടുകളായി മലയാളികള്‍ ഉണരുന്നത് മുതല്‍ ഉറങ്ങുന്നത് വരെ കേള്‍ക്കുന്ന, വീണ്ടും വീണ്ടും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ശബ്ദ മാധുര്യത്തിന്നുടമയായ കാട്ടാശേരില്‍ ജോസഫ് യേശുദാസ് എന്ന കെ ജെ യേശുദാസ്. അദ്ദേഹത്തെക്കുറിച്ച് പരാമർശിക്കാതെ കേരളത്തിന്റെ എഴുപത് വർഷങ്ങളുടെ ചരിത്രം പൂർണമാകില്ല.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ഗാനഗന്ധര്‍വന്‍ യേശുദാസ്. തലമുറകളായി പാടി ഓരോരുത്തരുടേയും ബാല്യവും കൗമാരവും യൗവനവും കടന്ന് മധ്യവയസ്സും വാർധക്യവുമൊക്കെ ആ ശബ്‍ദത്തിന്‍റെ ആലാപന മാധുരിയിൽ ലയിച്ചു ചേർന്നിട്ടുണ്ട്.
പ്രസിദ്ധ സംഗീത-നാടക നടനായ ശ്രീ അഗസ്റ്റിന്‍ ജോസഫിനും ശ്രീമതി എലിസബത്ത് ജോസഫിനും മൂത്ത മകനായി 1940 ജനുവരി പത്താം തീയതി ഫോർട്ടുകൊച്ചിയിലാണ് യേശുദാസ് ജനിച്ചത്.
1961 നവംബർ 14നാണ് സിനിമയിൽ യേശുദാസിന്‍റെ ആദ്യ ഗാനം റിക്കോർഡ് ചെയ്തത്. കാൽപ്പാടുകള്‍ എന്ന സിനിമയിലെ ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം പാടിയായിരുന്നു ചലച്ചിത്ര സംഗീത ലോകത്തെ ഹരിശ്രീ.
മലയാളത്തില്‍ ഇതുവരെ അദ്ദേഹം 5000ലധികം സിനിമാ ഗാനങ്ങള്‍ പാടിയിട്ടുണ്ട്. ഭാരതത്തിലെ അസ്സമിയ, കാശ്മീരി, കൊങ്കണി എന്നിവ ഒഴിച്ച് മറ്റെല്ലാ ഭാഷകളിലും അദ്ദേഹം പാടി. വിദേശ ഭാഷകളില്‍ ഇംഗ്ലീഷ്, അറബി, റഷ്യന്‍, ലാറ്റിന്‍ ഇവയിലും പാടിയിട്ടുണ്ട്. ഗാനങ്ങള്‍ ആലപിക്കുക മാത്രമല്ല, യേശുദാസ് നിരവധി ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിക്കുകയും നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
1980–ല്‍ അദ്ദേഹം തിരുവനന്തപുരത്തു തരംഗിണി സ്റ്റുഡിയോ തുടങ്ങി. തരംഗിണി സ്റ്റുഡിയോയും തരംഗിണി റെക്കോര്‍ഡ്സും ചേര്‍ന്നു ഓഡിയോ കാസെറ്റ് സ്റ്റീരിയോയില്‍ ഇറക്കി. ജനങ്ങള്‍ക്കിടയില്‍ സൂപ്പര്‍ ഹിറ്റുകളായ 176-ഓളം കാസറ്റുകളും തരംഗിണി പുറത്തിറക്കിയിട്ടുണ്ട്.
മികച്ച പിന്നണി ഗായകനുളള ദേശീയ പുരസ്കാരം 8 തവണ നേടിയിട്ടുണ്ട് യെശുദാസ്. കേരള, തമിഴ്നാട്, ആന്ധ്ര, കർണ്ണാടക, ബംഗാൾ സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായകനുള്ള അവാർഡുകളും നേടിയിട്ടുണ്ട്. 25 തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി.
പത്മശ്രീയും പത്മഭൂഷണും പത്മവിഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുമുണ്ട്. തലമുറകളെ സംഗീതത്തിന്റെ മാസ്മരികതയിൽ ലയിപ്പിച്ച പ്രിയ ഗായകന് മലയാളികളുടെ മനസ്സിൽ എന്നും ഒരു ഇടമുണ്ട്…






