
ന്യൂഡൽഹി: രാജ്യത്തെ ഇന്‍സ്റ്റന്റ് പേയ്‌മെന്റ് സംവിധാനമായ യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് (യു.പി.ഐ) പുത്തന്‍ രൂപമാറ്റത്തിലേക്ക്. സ്മാര്‍ട്ട് ഡിവൈസുകള്‍, ധരിക്കാവുന്ന ഗാഡ്‌ജെറ്റുകള്‍ (വിയറബിള്‍), വാഹനങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് യു.പി.ഐ പണമിടപാട് സാധ്യമാക്കുന്ന തരത്തിലാണ് മാറ്റം.
നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ)യുടെ വാര്‍ഷിക പദ്ധതിയുടെ ഭാഗമാണിത്. ഇതോടെ സ്മാര്‍ട്ട് വാച്ചുകള്‍, സ്മാര്‍ട്ട് വാഷിംഗ് മെഷീന്‍, സ്മാര്‍ട്ട് റെഫ്രിജറേറ്റുകള്‍ എന്നിവ നിങ്ങള്‍ക്ക് വേണ്ടി യു.പി.ഐ ഇടപാടുകള്‍ നടത്തുമെന്നാണ് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിലവില്‍ എല്ലാ യു.പി.ഐ ഇടപാടുകളും മൊബൈല്‍ ഫോണുകളുടെ സഹായത്തോടെ മാത്രമാണ് പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നത്. പുതിയ ഫീച്ചര്‍ വരുന്നതോടെ ഉപയോക്താവിന്റെ പ്രാഥമിക യു.പി.ഐ ഐഡിയുമായി ബന്ധിപ്പിച്ച മറ്റ് വിര്‍ച്വല്‍ പേയ്‌മെന്റ് അഡ്രസുകളിലൂടെയും സ്മാര്‍ട് ഡിവൈസുകള്‍ക്ക് ഇടപാടുകള്‍ സാധ്യമാകും.
ഇതോടെ മൊബൈല്‍ ഫോണുകള്‍ക്ക് പുറമെ മറ്റ് ഇന്‍ര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐ.ഒ.ടി) ഡിവൈസുകള്‍ ഉപയോഗിച്ചും ഇടപാടുകള്‍ നടത്താന്‍ കഴിയും. യു.പി.ഐ സര്‍ക്കിള്‍ എന്ന ഓപ്ഷന്‍ ഉപയോഗിച്ചാണ് ഇവ സാധ്യമാകുന്നതെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു.
ഉപയോക്താവ് മുന്‍കൂട്ടി അനുവാദം (Mandate) നല്‍കിയ സ്മാര്‍ട്ട് ഡിവൈസുകള്‍ക്ക് സ്വയം പണമിടപാടുകള്‍ ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് മാറ്റം വരുന്നത്. ഉദാഹരണത്തിന് പാര്‍ക്കിംഗ് സ്‌പോട്ടില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ നിങ്ങളുടെ കാറിന് തന്നെ പാര്‍ക്കിംഗ് ഫീസ് അടക്കാന്‍ പറ്റും. അല്ലെങ്കില്‍ സ്മാര്‍ട്ട് ടി.വിക്ക് തന്നെ സബ്‌സ്‌ക്രിപ്ഷന്‍ പുതുക്കാന്‍ കഴിയും.
ഇതിനായി നിലവിലെ യു.പി.ഐ പേയ്‌മെന്റ് ആപ്പുകള്‍ ഒന്നും തുറക്കേണ്ടതില്ലെന്നാണ് പ്രത്യേകത. ഉപയോക്താവ് നല്‍കിയ മാന്‍ഡേറ്റ് ആക്ടീവായിരിക്കുന്ന കാലം വരെയും ഇത് തുടരും. സുരക്ഷിതമായി ഇത്തരം പണമിടപാട് സാധ്യമാക്കുന്ന പരീക്ഷണങ്ങള്‍ പൂര്‍ത്തിയായെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു.