
ഓരോ മാസത്തിലും സാമ്പത്തികമായ പല മാറ്റങ്ങളും നടക്കുന്നുണ്ട്. സർക്കാർ തീരുമാനങ്ങളും കമ്പനികളുടെ നയ മാറ്റങ്ങളും അടക്കമുള്ള പുതുക്കിയ ചട്ടങ്ങൾ അറിയുക എന്നത് ഉപഭോക്താക്കളുടെ കടമയാണ്.
സെപ്റ്റംബറിലേക്ക് നോക്കിയാൽ ധാരാളം സാമ്പത്തികമായ സമയപരിധികളുള്ള മാസമാണെന്ന് കാണാം. ഡീമാറ്റ് അക്കൗണ്ട് നോമിനേഷൻ മുതൽ 2000 രൂപ നോട്ട് മാറ്റിയെടുക്കാനുള്ള അവസരവും 2 നിക്ഷേപങ്ങൾക്കുള്ള സമയപരിധിയും എല്ലാം സെപ്റ്റംബർ മാസത്തിൽ അവസാനിക്കും.
ആക്സിസ് ബാങ്ക് മാഗ്നസ് ക്രെഡിറ്റ് കാർഡിൽ മാറ്റം
ആക്സിസ് മാഗ്നസ് ക്രെഡിറ്റ് കാർഡിന്റെ നിബന്ധനകളും വ്യവസ്ഥകളും സെപ്റ്റംബർ 1 മുതൽ മാറുകയാണ്. നിർദ്ദിഷ്ട ഇടപാടുകൾക്ക് എഡ്ജ് റിവാർഡുകളോ വാർഷിക ഫീസ് ഇളവുകളോ സെപ്റ്റംബർ 1 മുതൽ ലഭിക്കുകയില്ല.
ആക്സിസ് മാഗ്നസ് ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളാണെങ്കിൽ സെപ്റ്റംബർ ഒന്ന് മുതൽ മാസത്തിൽ ആകെ 1,50,000 രൂപ ചെലവാക്കിയാൽ 200 രൂപയുടെ ഓരോ ചെലവാക്കലിനും 12 എഡ്ജ് റിവാർഡ് പോയിന്റ് ലഭിക്കും. പുതിയ കാർഡ് ഉടമകൾക്ക് വാർഷിക ചാർജ് 12,500 രൂപ + ജിഎസ്ടി ആയി ഉയർത്തും. നിലവിലുള്ളവർ 10,000 രൂപ + ജിഎസ്ടി അടച്ചാൽ മതിയാകും.
ആധാർ സൗജന്യ അപ്ഡേറ്റ് സമയ പരിധി
ആധാർ രേഖകൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള സമയ പരിധി ജൂൺ 14 മുതൽ 3 മാസത്തേക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നീട്ടിയിരുന്നു. ഇത് സെപ്റ്റംബർ 14 ന് അവസാനിക്കും.
ആധാർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ ഐഡന്റിറ്റി പ്രൂഫും വിലാസവുമായി ബന്ധപ്പെട്ട രേഖകളും അപ്‌ലോഡ് ചെയ്താൽ മതിയാകും.
2,000 രൂപ നോട്ടുകൾ മാറ്റിയെടുക്കാം
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വിപണിയിൽ നിന്ന് പിൻവലിച്ച 2ം000 രൂപയുടെ നോട്ടുകൾ നിക്ഷേപിക്കാനോ മാറ്റാനോ നാല് മാസത്തെ സമയം അനുവദിച്ചിരുന്നു. അതിനുള്ള സമയ പരിധി സെപ്റ്റംബർ 30 ന് അവസാനിക്കും.
കയ്യിലുള്ള 2,000 രൂപ നോട്ട് സെപ്റ്റംബർ മാസത്തിൽ മാറ്റിയെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ സംസ്ഥാനത്തെ ബാങ്ക് അവധി ദിനങ്ങൾ പരിശോധിച്ച് ഉറപ്പാക്കേണ്ടതുണ്ട്.
ആധാർ ലിങ്ക് ചെയ്യണം
പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതിയിൽ ചേർന്ന നിക്ഷേപകർ സെപ്റ്റംബർ 30-നകം ആധാർ നമ്പർ സമർപ്പിച്ചില്ലെങ്കിൽ അക്കൗണ്ടുകൾ ഒക്ടോബർ 1-ന് സസ്പെൻഡ് ചെയ്യും. അക്കൗണ്ട് തുടങ്ങി ആറ് മാസത്തിനുള്ളിൽ പുതിയ ഉപയോക്താക്കൾ ആധാർ വിവരങ്ങൾ സമർപ്പിക്കേണ്ടതുണ്ട്.
ഡീമാറ്റ് അക്കൗണ്ടുടമകൾ ശ്രദ്ധിക്കാം
ഓഹരി ഇടപാടിന് മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിനും ഡീമാറ്റ് അക്കൗണ്ട് കരുതുന്നവരാണോ. എങ്കിൽ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യുടെ നിർദ്ദേശ പ്രകാരം ട്രേഡിംഗ്, ഡീമാറ്റ് അക്കൗണ്ട് ഉടമകൾക്ക് നോമിനേഷനുകൾ സെപ്റ്റംബർ 30 നകം നൽകണം.
അക്കൗണ്ടിൽ നോമിനേഷൻ ചെയ്തില്ലെങ്കിൽ അക്കൗണ്ടിൽ ഇടപാടുകൾ സാധിക്കില്ല.
നിക്ഷേപങ്ങളുടെ കാലാവധി
എസ്ബിഐയുടെ മുതിർന്ന പൗരന്മാർക്കുള്ള പ്രത്യേക സ്ഥിര നിക്ഷേപം എസ്ബിഐ വീകെയർ എഫ്ഡി സെപ്റ്റംബർ 30 വരെ നീട്ടിയിരിക്കുന്നു. മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ നൽകുന്ന സ്കീമിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർ ഈ മാസം മാത്രമെ സമയമുള്ളൂ എന്ന കാര്യം ഓർക്കുക. 0.50 ശതമാനം അധിക നിരക്കാണ് എസ്ബിഐ വീ കെയർ സ്ഥിര നിക്ഷേപത്തിന്റെ പ്രത്യേകത.
മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന 0.50 ശതമാനം പ്രീമിയം നിരക്കിനൊപ്പമാണ് വീ കെയർ സ്ഥിര നിക്ഷേപം നൽകുന്ന അധിക നിരക്ക്. 5 വർഷവും അതിന് മുകളിലുള്ള കാലാവധിയിൽ 7.50 ശതമാനം പലിശ ലഭിക്കും.
ഐഡിബിഐ ബാങ്ക് അമൃത് മഹോത്സവ് സ്ഥിര നിക്ഷേപവും സെപ്റ്റംബർ 30 തിന് അവസാനിക്കും. 375 ദിവസം, 444 ദിവസം കാലാവധിയുള്ള ഐഡിബിഐയുടെ അമൃത് മഹോത്സവ് സ്ഥിര നിക്ഷേപങ്ങളാണ് കാലാവധി എത്തുന്നത്.






