
മുംബൈ: രാജ്യത്ത് ഡിജിറ്റല്‍ മണി ട്രാന്‍സാക്ഷനുകളുടെ എണ്ണം കുത്തനെ ഉയരുന്നു. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫെയ്‌സിലൂടെയുള്ള ഇടപാടുകളുടെ എണ്ണത്തിലും തുകയുടെ വലുപ്പത്തിലും ഡിസംബര്‍ പുതിയ റെക്കോഡ് തീര്‍ത്തു.
ഡിസംബറില്‍ മാത്രം നടന്നത് 21.6 ബില്യണ്‍ ഡിജിറ്റല്‍ ഇടപാടുകളാണ്. ഒരു മാസത്തെ ഏറ്റവും ഉയര്‍ന്നതാണിത്. നവംബറിലെ 20.47 ബില്യണ്‍ ഇടപാടുകളുടെ റെക്കോഡാണ് മറികടന്നത്. മൊത്തം ഇടപാടുകളുടെ മൂല്യം 28 ലക്ഷം കോടി രൂപയിലേക്ക് കുതിച്ചു. നവംബറില്‍ ഇത് 26.3 ലക്ഷം കോടി രൂപയായിരുന്നു. മുന്‍ റെക്കോഡ് ഒക്ടോബര്‍ മാസത്തിലെ 27.3 ലക്ഷം കോടി രൂപയാണ്. ഇതാണ് ഡിസംബറില്‍ മറികടന്നത്.
ഓരോ ദിവസവും ശരാശരി 698 മില്യണ്‍ ഡിജിറ്റല്‍ ഇടപാടുകളാണ് രാജ്യത്ത് നടക്കുന്നത്. ശരാശരി 1,293 രൂപയാണ് ഓരോ ഇടപാടിന്റെയും മൂല്യം. ചെറിയ ഇടപാടുകള്‍ക്കു പോലും യു.പി.ഐ ഉപയോഗിക്കുന്ന രീതി വര്‍ധിച്ചിട്ടുണ്ട്.
ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണത്തില്‍ 2025 റെക്കോഡ് വര്‍ഷമായി മാറി. 2024ല്‍ ആകെ ഇടപാടുകള്‍ 172.2 ബില്യണ്‍ ആയിരുന്നത്. 2025ലിത് 228.3 ബില്യണായി ഉയര്‍ന്നു. ഇടപാടുകളുടെ മൂല്യം 246.8 ലക്ഷം കോടി രൂപയില്‍ നിന്ന് 299.7 ലക്ഷം കോടി രൂപയായി വര്‍ധിച്ചു.






