
ന്യൂഡൽഹി: രാജ്യത്ത് 5ജി ലോഞ്ചിനായി തയാറെടുക്കാൻ ടെലികോം കമ്പനികളോട് കേന്ദ്രം. ലേലത്തിൽ വിളിച്ച 5ജി സ്പെക്ട്രം (റേഡിയോ തരംഗം) കമ്പനികൾക്ക് കേന്ദ്രം അനുവദിച്ചു. ഇതുസംബന്ധിച്ച കത്ത് കമ്പനികൾക്ക് കൈമാറി. ഇതോടെ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള പ്രധാന നടപടികളെല്ലാം പൂർത്തിയായി.
സ്പെക്ട്രത്തിന്റെ ആദ്യ ഗഡുവായി റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ–ഐഡിയ, അദാനി ഡേറ്റ നെറ്റ്‌വർക്സ് എന്നിവയിൽ നിന്ന് 17,876 കോടി രൂപയാണ് കേന്ദ്രത്തിനു ലഭിച്ചത്.
ഈ മാസം തന്നെ 5ജി ആരംഭിക്കുമെന്നാണ് എയർടെൽ അറിയിച്ചിരിക്കുന്നത്.ആദ്യമായാണ് പണമടച്ച അതേ തീയതിയിൽ തന്നെ സർക്കാർ സ്പെക്ട്രം അനുവദിക്കുന്നത്. ഇത്രയും വേഗമേറിയ നടപടികൾ 30 വർഷത്തെ എന്റെ അനുഭവത്തിൽ ആദ്യമാണെന്ന് എയർടെൽ ചെയർമാൻ സുനിൽ ഭാരതി മിത്തൽ പറഞ്ഞു.